---
title: "ദുബായിൽ കള്ളക്കേസിൽ കുടുങ്ങിയ മലയാളി; സഹായം അഭ്യര്‍ഥിച്ച് ബന്ധുക്കള്‍ "
english_title: "Malayalee caught in forgery case in Dubai; Relatives requesting help"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217/malayalee-caught-in-forgery-case-in-dubai-relatives-requesting-help"
published_at: "2021-09-24T11:03:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614d63391f04d_Untitled-4.jpg"
keywords: []
---

# ദുബായിൽ കള്ളക്കേസിൽ കുടുങ്ങിയ മലയാളി; സഹായം അഭ്യര്‍ഥിച്ച് ബന്ധുക്കള്‍ 

> **Lead Summary:** **ദുബായ് : **വ്യാജരേഖയുണ്ടാക്കിയെന്ന കുറ്റത്തിനു ദുബായിൽ കേസിൽ കുടുങ്ങിയ കൊടിയത്തൂർ സ്വദേശിയുടെ നിരപരാധിത്വം തെളിയിക്കാൻ സർക്കാർ സഹായം തേടി ബന്ധുക്കളും സുഹൃത്തുക്കളും.

## Article Content

**ദുബായ് : **വ്യാജരേഖയുണ്ടാക്കിയെന്ന കുറ്റത്തിനു ദുബായിൽ കേസിൽ കുടുങ്ങിയ കൊടിയത്തൂർ സ്വദേശിയുടെ നിരപരാധിത്വം തെളിയിക്കാൻ സർക്കാർ സഹായം തേടി ബന്ധുക്കളും സുഹൃത്തുക്കളും.

കൊടിയത്തൂർ ചെറുവാടി കുറുവാടങ്ങൽ കേലത്ത് ലാലു പ്രസാദ് (29) ആണ് പിഴയൊടുക്കാനും നാടുകടത്താനും ശിക്ഷിക്കപ്പെട്ടു ദുബായിൽ കഴിയുന്നത്.

ലാലു ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയാണ് വ്യാജരേഖയുണ്ടാക്കിയതെന്നും, പിടിക്കപ്പെട്ടപ്പോൾ കുറ്റം ലാലുവിന്റെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

ദേരയിലെ സ്വകാര്യ സ്ഥാപനത്തി‍ൽ അക്കൗണ്ടന്റ് ആയിരുന്നു ലാലു. ഉടമയുടെ മകൾ അയച്ച ഇ മെയിൽ, അവർ പറഞ്ഞതനുസരിച്ച് പ്രിന്റ് എടുത്ത് ഒരു വിലാസത്തിലേക്ക് കുറിയർ ചെയ്തിരുന്നു.

അയച്ചത് വ്യാജ രേഖകളായിരുന്നതിനാൽ, കുറിയർ അയച്ച വ്യക്തിയെന്ന നിലയിൽ ലാലുവിനെതിരെയാണു കേസെടുത്തത്. തുടർന്നു ലാലുവിന് 20,000 ദിർഹം പിഴ വിധിക്കുകയും നാടു കടത്താൻ ഉത്തരവിടുകയും ചെയ്തു.

ലാലുവിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമ പോരാട്ടത്തിലാണ് പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മ. പിഴ അടയ്ക്കാൻ തൂക സ്വരൂപിക്കാനുള്ള ശ്രമവും നടന്നു വരുന്നു.

നിർധന കുടുംബത്തിലെ ഏക അത്താണിയാണ് ലാലു പ്രസാദ്. മകന്റെ നിരപരാധിത്വം തെളിയിക്കാൻ വിദേശകാര്യ മന്ത്രാലയവും മുഖ്യമന്ത്രിയും ഇടപെടണമെന്നാണ് രക്ഷിതാക്കളായ രാമചന്ദ്രനും ദേവകിയും ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217/malayalee-caught-in-forgery-case-in-dubai-relatives-requesting-help)