---
title: "സൗദിയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ പിടിയിലായത് 13,780 പേര്‍"
english_title: "Strict inspection in Saudi; In a week, 13,780 people were arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/22211/strict-inspection-in-saudi-in-a-week-13780-people-were-arrested"
published_at: "2022-01-23T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecb4f3bb35e_corona.jpg"
keywords: []
---

# സൗദിയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ പിടിയിലായത് 13,780 പേര്‍

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,780 നിയമലംഘകരെ പിടികൂടി.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,780 നിയമലംഘകരെ പിടികൂടി.

സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ജനുവരി 13 മുതല്‍ 19 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 6,895 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്.

അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 5,123 പേരെയും പിടികൂടിയത്. 1,762 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 391 പേര്‍. ഇവരില്‍ 30 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്.

62 ശതമാനം പേര്‍ എത്യോപ്യക്കാരും 8 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 36 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 26 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിലവില്‍ 95,650 പേരാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലായി നടപടി കാത്ത് കഴിയുന്നത്. ഇതില്‍ 85,243 പേര്‍ പുരുഷന്മാരും 10,407 പേര്‍ സ്ത്രീകളുമാണ്. 84,072 പേരെ നാടുകടത്തുന്നതിനായി യാത്രാ രേഖകള്‍ ശരിയാക്കാന്‍ അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/22211/strict-inspection-in-saudi-in-a-week-13780-people-were-arrested)