ദുബായ് : അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണ സമയം കൃത്യമായി കണ്ടുപിടിക്കാൻ ദുബായ് പൊലീസിന് വിജയകരമായി സാധിച്ചതായി അധികൃതർ. മൃതദേഹം അഴുകാൻ സഹായിക്കുന്ന പുഴുക്കളെയും പ്രാണികളെയും കുറിച്ച് പഠിക്കുന്നതിലൂടെയാണ് മരണ സമയവും കാരണവുമെല്ലാം കണ്ടെത്താൻ സാധിക്കുന്നത്.
എൻഎസ്എഫ് ഇന്റർനാഷനലുമായി സഹകരിച്ച് സ്വരൂപീപിച്ച ഡേറ്റാബേസ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. മുൻപ് അഴുകിയ മൃതദേഹം കണ്ടാൽ കാലപ്പഴക്കം ഏകദേശം കണക്കാക്കാനേ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഉപേക്ഷിച്ച കെട്ടിടങ്ങൾക്കുള്ളിൽ കണ്ട അഴുകിയ മൃതദേഹത്തിൽ നിന്ന് മരണം നടന്നത് അറുപത്തിമൂന്നര മണിക്കൂർ മുൻപാണെന്ന് കൃത്യമായി കണ്ടെത്താൻ സാധിച്ചു. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഇക്കാര്യം കണ്ടെത്താൻ സഹായിച്ചത് മൃതദേഹത്തിലെ പുഴുക്കളെക്കുറിച്ച് പഠിച്ചതു മൂലമാണ്.
ദുബായ് പൊലീസിലെ ഫൊറൻസിക് എന്റമോളജിസ്റ്റിന്റെ സഹായത്തോടെയാണ് ഇതു സാധ്യമായതെന്നും അമേരിക്കയിലും യൂറോപ്പിലും ഈ സാങ്കേതിക വിദ്യ ദശാബ്ദങ്ങളായി ഉപയോഗിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. മൃതദേഹത്തിൽ കാണുന്ന പുഴുക്കളുടെയും പ്രാണികളുടെയും കാലചക്രവും വ്യത്യസ്ത പരിസ്ഥിതികളിൽ അവയ്ക്കു വരുന്ന വ്യത്യാസവും മനസ്സിലാക്കിയാണ് ഡേറ്റാ തയാറാക്കിയിരിക്കുന്നത്.
മരുഭൂമി, തിരക്കുള്ള പട്ടണം, വെള്ളക്കെട്ടുള്ള സ്ഥലം തുടങ്ങി വിവിധ പരിസ്ഥിതികളിൽ പുഴുക്കൾക്കും പ്രാണികൾക്കും മൃതദേഹത്തിനുമെല്ലാം സംഭവിക്കുന്ന മാറ്റങ്ങൾ പഠനവിധേയമാക്കിയാണ് ഡേറ്റ തയ്യാറാക്കിയത്. പുഴുക്കളുടെയും പ്രാണികളുടെയും മുട്ടകൾ വിരിയുന്ന സമയം, ലാർവകൾ വളരുന്നത്, അവയ്ക്കു സംഭവിക്കുന്ന മാറ്റങ്ങൾ ഇവയെല്ലാം പഠിച്ചു.
മരണ സമയം, മൃതദേഹം കണ്ടെത്തിയ സമയം, മരണ കാരണം തുടങ്ങിയവയെല്ലാം ഇങ്ങനെ മനസ്സിലാക്കാമെന്ന് ദുബായ് പൊലീസ് ഫൊറൻസിക് ആൻഡ് ക്രിമിനോളജി വകുപ്പ് ഡയറക്ടർ മേജ.ജന. അഹമ്മദ് ഈദ് അൽ മൻസൂറി അറിയിച്ചു. മൃതദേഹത്തിൽ എന്തെങ്കിലും കൃത്രിമങ്ങൾ നടന്നാലും അറിയാനാകും.
ദുബായ് പൊലീസിന്റെ ആഭിമുഖ്യത്തിൽ ചത്ത എലികളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയതായി മെഡിക്കൽ എക്സാമിനേഷൻ വകുപ്പ് മേധാവി ക്യാപ്റ്റൻ ഡോ.സാറാ അലി അൽ മഖാവി അറിയിച്ചു. ചത്ത എലികളെ പർവതങ്ങൾ, കടൽത്തീരം, മരുഭൂമി, വ്യവസായ മേഖല, ജനസംഖ്യ ഏറെയുള്ള പട്ടണങ്ങൾ എന്നിവയിലെല്ലാം കൊണ്ടിട്ട് അവയിൽ പുഴുക്കളും പ്രാണികളും വളർന്നത് പഠിച്ചു. ലാർവകളെക്കുറിച്ചും അവയ്ക്കുണ്ടാകുന്ന വ്യത്യാസങ്ങളെക്കുറിച്ചും പഠിച്ചു ഡേറ്റാ തയാറാക്കിയതായി അവർ അറിയിച്ചു.
21 തരം പ്രാണികളും പുഴുക്കളും
വ്യത്യസ്ത പ്രാണികൾ മൃതദേഹം ജീർണിപ്പിക്കുന്നതിന് എടുക്കുന്ന സമയവും വ്യത്യസ്തമാണ്. ഇതും മനസ്സിലാക്കണം. മരുഭൂമിയിൽ കണ്ടെത്തിയ ചത്ത എലിയെ പരിശോധിച്ചതിൽ നിന്നാണ് ഈ സത്യവും തിരിച്ചറിഞ്ഞതെന്നും അധികൃതർ അറിയിച്ചു.
മൂന്നു മാസം കാലപ്പഴക്കം ഉണ്ടാകുമെന്ന് കണ്ടെത്തിയ എലിയുടെ ജീർണിച്ച അവശിഷ്ടത്തിന് സത്യത്തിൽ മൂന്നാഴ്ച മാത്രം കാലപ്പഴക്കം ഉള്ളതായി തിരിച്ചറിഞ്ഞു. കംപോനോട്ടസ് ഫെല്ല എന്ന ഉറുമ്പുകളാണ് ചത്ത എലിയെ വേഗത്തിൽ തിന്നു തീർത്തതെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഇതേ തുടർന്ന് ഇങ്ങനെയുള്ള 21 വ്യത്യസ്ത ജീവികളുടെ ഡേറ്റാബേസും തയാറാക്കി.
ദുബായ് പൊലീസിലെ ഫൊറൻസിക് വിദഗ്ധർ ഉൾപ്പടെ 22 പേർ ഒരു വർഷമായി പഠനം തുടരുകയാണെന്നും ഈ വർഷം രണ്ടാം പാദത്തിന്റെ അവസാനം ഇതു പൂർത്തിയാകുമെന്നും അറിയിച്ചു. തെളിയാതിരുന്ന വിവിധ കേസുകളിൽ നിർണായക വിവരങ്ങൾ കണ്ടെത്താനും അവ തെളയിക്കാനും ഇതു സഹായകമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Authorities have set up a system to find out the exact time of death even if the body decomposes