---
title: "#founddead | സൗദിയിലെത്തി നാലാംദിവസം പാർക്കിൽ മരിച്ചനിലയിൽ, തിരിച്ചറിയാതെ 45 ദിവസം; ഒടുവിൽ മൃതദേഹം നാട്ടിലെത്തി "
english_title: "#founddead #park #fourth #day #arriving #SaudiArabia #remained #unidentified #Finally #body #reached #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225097/founddead-park-fourth-day-arriving-saudiarabia-remained-unidentified-finally-body-reached-home"
published_at: "2024-08-02T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acf00a8f879_y6.jpg"
keywords: []
---

# #founddead | സൗദിയിലെത്തി നാലാംദിവസം പാർക്കിൽ മരിച്ചനിലയിൽ, തിരിച്ചറിയാതെ 45 ദിവസം; ഒടുവിൽ മൃതദേഹം നാട്ടിലെത്തി 

> **Lead Summary:** **റിയാദ്​: [ ** പുതിയ തൊഴിൽ വിസയിൽ റിയാദിലെത്തിയ ദിവസം വീട്ടിലേക്ക്​ വിളിച്ചതാണ്​, പിന്നീടൊരു വിവരവുമില്ലാതായി. രണ്ടുമാസത്തിന്​​ ശേഷം വീട്ടിലെത്തിയത്​ ചേതനയറ്റ ശരീരം.

## Article Content

**റിയാദ്​: [ ** പുതിയ തൊഴിൽ വിസയിൽ റിയാദിലെത്തിയ ദിവസം വീട്ടിലേക്ക്​ വിളിച്ചതാണ്​, പിന്നീടൊരു വിവരവുമില്ലാതായി. രണ്ടുമാസത്തിന്​​ ശേഷം വീട്ടിലെത്തിയത്​ ചേതനയറ്റ ശരീരം.

​തെലങ്കാന ഷാബ്​ദിപൂർ കാമറെഡ്ഡി സ്വദേശി മുഹമ്മദ്​ ശരീഫ്​ (41) ആണ്​ ഈ ഹതഭാഗ്യൻ. കഴിഞ്ഞ ജൂൺ മൂന്നിന്​ റിയാദിലെ ഒരു സ്വകാര്യ ശുചീകരണ കമ്പനിയിലേക്ക്​ ഡ്രൈവർ വിസയിലാണ്​ യുവാവെത്തിയത്​.

അസീസിയയിലെ കമ്പനി വക താമസസ്ഥലത്ത്​ എത്തിയ ഉടൻ നാട്ടിലുള്ള ഭാര്യയെ വിളിക്കുകയും താനിവിടെ സുരക്ഷിതമായി എത്തിയെന്ന്​​ അറിയിക്കുകയും ചെയ്​തിരുന്നു.

ആ ഒറ്റ വിളിക്കപ്പുറം ഒരു വിവരവും പിന്നീടുണ്ടായില്ല. വിളിച്ച നമ്പറിലേക്ക്​ തിരിച്ചുവിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. 45ാം ദിവസം റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ്​ കൊട്ടുകാടിന്​ അസീസിയ പൊലീസ്​ സ്​റ്റേഷനിൽനിന്ന്​ ഒരു വിളി വന്നു. ഇന്ത്യാക്കാരനെന്ന്​ തോന്നിക്കുന്ന ഒരാളുടെ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലുണ്ട്​, 45 ദിവസമായി.

ആളുടെ പേരോ നാടോ മറ്റു വിവരങ്ങളോ ഇല്ല. സ്​പോൺസറുടെയും ജോലി ചെയ്യുന്ന കമ്പനിയുടെയും വിവരങ്ങളുമില്ല. അധികംനാൾ അജ്ഞാത വിലാസത്തിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാനാവില്ല.

ഈയൊരു സാഹചര്യത്തിലാണ്​ പൊലീസ്​ ഇന്ത്യൻ എംബസി വളണ്ടിയർ കൂടിയായ​ ശിഹാബിനെ​ വിളിച്ചത്​. കിട്ടിയ അവ്യക്തമായ ചില സൂചനകൾ വെച്ച്​ ശിഹാബ്​ നടത്തിയ അന്വേഷണത്തിൽ ആളെ കുറിച്ചുള്ള ഏകദേശ വിവരങ്ങൾ സംഘടിപ്പിക്കാനായി.

അസീസിയയിലെ ഒരു പാർക്കിലാണ്​ മരിച്ചുകിടന്നതെന്ന്​ പൊലീസ്​ വ്യക്തമാക്കി. അത്​ ജൂൺ ഏഴിനായിരുന്നു -നാട്ടി​ൽ നിന്നെത്തിയതിന്റെ നാലാം ദിവസം. ഹൃദയാഘാതമായിരുന്നു മരണകാരണം. പൊലീസും ഫയർഫോഴ്​സും എല്ലാമെത്തിയാണ്​ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റിയത്​.

ശിഹാബിന്റെ അന്വേഷണത്തിൽ മുമ്പ്​ ഇയാൾ റിയാദിൽ നാലഞ്ച്​ വർഷം ജോലി ചെയ്​തിട്ടുണ്ടെന്നും നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ വന്നതാണെന്നുമുള്ള വിവരങ്ങൾ കിട്ടി. എംബസിയിൽനിന്ന് പഴയ​ പാസ്​പോർട്ടി​ന്റെ വിവരങ്ങളും സംഘടിപ്പിക്കാനായി.

അതുപ്രകാരം​ നാട്ടിലെ റീജനൽ പാസ്​പോർട്ട്​ ഓഫിസിൽ അന്വേഷിച്ചപ്പോൾ അവിടെയുള്ള രേഖയിൽനിന്ന്​ അന്നത്തെ നാട്ടിലെ ഫോൺ നമ്പർ ​കിട്ടി. അതിലേക്ക്​ ശിഹാബ്​ വിളിച്ചപ്പോൾ ശരീഫിന്റെ ഭാര്യയാണ്​ എടുത്തത്​. മരിച്ച വിവരം പറഞ്ഞില്ല.

പകരം സഹോദരന്റെയും റിക്രൂട്ടിങ്​ ഏജൻറി​ന്റെയും നമ്പറുകൾ വാങ്ങി. അവരോട്​ മരണവിവരം പറഞ്ഞു. അങ്ങനെ 47 ദിവസത്തിന്​ ശേഷം മരണവിവരം വീട്ടുകാർ അറിഞ്ഞു. അവർ ദമ്മാമിലുള്ള ബന്ധുവിന്റെ നമ്പർ ശിഹാബിന്​ കൊടുത്തു.

അദ്ദേഹം റിയാദിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. എംബസിയുടെ നിർദേശപ്രകാരം ശിഹാബ്​ കമ്പനിയധികൃതരെ സമീപിച്ചു. മരണവിവരം അവരും അറിഞ്ഞിരുന്നില്ല.

ജോലിക്ക്​ ചേർന്നിട്ട്​ പിറ്റേന്ന്​ തന്നെ കാണാതായതിനാൽ കമ്പനിയധികൃതർ സൗദി പാസ്​പോർട്ട്​ (ജവാസത്​) ഡയറക്​ടറേറ്റിന് പരാതി നൽകി ഒളിച്ചോടിയവരുടെ (ഹുറൂബ്​) പട്ടികയിൽ പെടുത്തിയിരുന്നു.

ശിഹാബ്​ പറയു​േമ്പാഴാണ്​ മരണവിവരം അവരും അറിയുന്നത്​. പാസ്​പോർട്ട്​ കമ്പനിയിലുണ്ടായിരുന്നു. ​പിന്നെയെല്ലാം വേഗത്തിലായിരുന്നു. എംബസി എൻ.ഒ.സി നൽകുകയും ഹുറൂബ്​ നീക്കുന്നതും മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതുമടക്കം എല്ലാ നടപടിക്രമങ്ങളിലും കമ്പനിയധികൃതർ നന്നായി സഹകരിച്ചു.

മൃതദേഹം നാട്ടിലേക്ക്​ അയക്കാനുള്ള മുഴുവൻ ചെലവും വഹിക്കാനും​ കമ്പനി തയാറായി. അങ്ങനെ രണ്ടുമാസത്തിന്​ ശേഷം മൃതദേഹം ഉറ്റവരുടെ അടുത്തെത്തി. ജമാലുദ്ദീൻ മുഹമ്മദ് ആണ്​ പിതാവ്​​. മാതാവ്​: മദാർ ബീ. ഭാര്യ: ഫാത്തിമ. രണ്ട്​ മക്കളുമുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225097/founddead-park-fourth-day-arriving-saudiarabia-remained-unidentified-finally-body-reached-home)