അബൂദബി: (gccnews.in) അന്തരീക്ഷ താപനില പലദിവസങ്ങളിലും 50 ഡിഗ്രി സെൽഷ്യസ് കടക്കുന്ന സാഹചര്യത്തിൽ വീടുകളിൽ തീപിടിക്കാനുള്ള സാധ്യതയെക്കുറിച്ച് ബോധവത്കരണവുമായി അധികൃതർ.
താമസസ്ഥലങ്ങളിൽ തീപിടിക്കുന്ന സാഹചര്യങ്ങളിൽ അപകടങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ബോധവത്കരണത്തിന്റെ ഭാഗമായി അധികൃതർ ആവശ്യപ്പെട്ടു.
അന്തരീക്ഷ താപനില ഉയരുന്ന വേനൽക്കാലത്ത് വീടുകൾക്ക് തീപിടിക്കാനുള്ള സാധ്യത മേഖലയിൽ കൂടുതലാണ്.
താപനില ഉയരുന്ന സാഹചര്യത്തിൽ താമസക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കണമെന്ന് അബൂദബി സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള മാർഗരേഖയും സിവിൽ ഡിഫൻസ് പുറത്തുവിട്ടിട്ടുണ്ട്. തീപിടിത്തമുണ്ടാവുകയാണെങ്കിൽ എല്ലാവരെയും സുരക്ഷിതമാക്കാനുള്ളതാണ് മുൻകരുതൽ നടപടികൾ.
വീട്ടിൽ നിന്ന് പുറത്തേക്ക് പോവാനുള്ള വാതിലുകൾ തടസ്സമില്ലാത്തതാണെന്ന് ഉറപ്പുവരുത്തുക, വീട്ടിലെ എല്ലാ മുറികളിൽനിന്നും പുറത്തേക്കുള്ള വഴികൾ മനസ്സിലാക്കുക, വാതിലുകളിലേക്കും ജനാലകളിലേക്കുമുള്ള വഴികളിൽ ഫർണിച്ചറുകളോ മറ്റു തടസ്സങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക,
വീടിന് മുന്നിൽ എല്ലാവരും ഒത്തുകൂടേണ്ട സ്ഥലം മനസ്സിലാക്കുക, പ്രായമായവർ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ ഒഴിപ്പിക്കുന്നതിനായി പ്രത്യേക ആസൂത്രണമുണ്ടാവുക, സ്മോക്ക് അലാറം ശരിയായ വിധം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് ശ്രദ്ധിക്കേണ്ടതായിട്ട് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
#Fire #houses #Authorities #awareness