റിയാദ്: (gcc.truevisionnews.com) സ്കൂൾ ബസ് ഡ്രൈവർമാർക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി ഗതാഗത അതോറിറ്റി.
പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചത്.
മുഴുവൻ സ്കൂൾ ബസുകളിലെയും ഡ്രൈവർമാരുടെയും പ്രവർത്തനം നിരീക്ഷിക്കുന്നതിനും ഗതാഗത സേവനങ്ങൾ നൽകുന്നതിനുമുള്ള റഗുലേറ്ററി നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും.
25 വയസ്സിന് മുകളിലുള്ളവരായിരിക്കണം ഡ്രൈവർമാർ, ഐഡൻറിറ്റി കാർഡ് ഡ്രൈവർക്കുണ്ടാവണം, സാധുവായ ഡ്രൈവിങ് ലൈസൻസ് ഉണ്ടാവണം, കുറ്റകൃത്യങ്ങളിലേർപ്പെട്ടില്ലെന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റുണ്ടാവണം എന്നിവയാണ് പ്രധാന നിബന്ധനകൾ.
കൂടാതെ അംഗീകൃത പ്രഥമ ശുശ്രൂഷ കോഴ്സ് പൂർത്തിയാക്കണം, ഗതാഗത അതോറിറ്റിയുടെ മെഡിക്കൽ പരിശോധന വിജയിക്കണം, പ്രഫഷനൽ യോഗ്യത ടെസ്റ്റ് പാസാകണം, അതോറിറ്റി നിർണയിക്കുന്ന ഏതെങ്കിലും ടെസ്റ്റ് അല്ലെങ്കിൽ ട്രെയ്നിങ് കോഴ്സുകൾ പൂർത്തിയാക്കണം എന്നിവയും നിബന്ധനകളാണ്.
വിദ്യാർഥികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന എല്ലാ ബസുകൾക്കും സുരക്ഷ ഉപകരണങ്ങൾ പ്രയോഗിക്കാൻ അതോറിറ്റി ബാധ്യസ്ഥരാണ്.
ബസിൽ ആവശ്യമായ സുരക്ഷ ഉപകരണങ്ങളുണ്ടായിരിക്കണം. ‘വസൽ’ എന്ന കണക്റ്റിങ് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ച ട്രാക്കിങ് ഉപകരണങ്ങളും കാമറകളും സജ്ജീകരിച്ചിരിക്കണം.
‘സ്കൂൾ ബസ്’ എന്ന അടയാളം ബസിന്റെ വശങ്ങളിലും പിറകിലും നൽകുകയും പ്രതിഫലിപ്പിക്കുന്ന നിറത്തിലായിരിക്കുകയും വേണം.
സ്കൂൾ വിദ്യാർഥികളുടെ യാത്രക്ക് വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരും സ്ഥിരം വാഹനങ്ങളെ ഉപയോഗിക്കണമെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു.
വാഹന നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാർഥികളുടെ ഗതാഗതത്തിനായി നിയോഗിച്ചിട്ടുള്ള ബസുകളിൽ നിരീക്ഷണം നടത്തുമെന്നും അതോറിറ്റി പറഞ്ഞു.
#New #rules #schoolbusdrivers