---
title: "#womenbadminton  | സൗദിയിലെ വനിതാ ബാഡ്മിന്റണിൽ അതുല്യനേട്ടവുമായി മലയാളി താരം ഖദീജ നിസ"
english_title: "#khadija #nisa #won #saudi #junior #women #under19 #kingdom #tournament"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/229249/khadija-nisa-won-saudi-junior-women-under19-kingdom-tournament"
published_at: "2024-08-18T17:37:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1e402e8771_khadeeja.jpg"
keywords: []
---

# #womenbadminton  | സൗദിയിലെ വനിതാ ബാഡ്മിന്റണിൽ അതുല്യനേട്ടവുമായി മലയാളി താരം ഖദീജ നിസ

> **Lead Summary:** **റിയാദ് :** സൗദിയിലെ വനിതാ ബാഡ്മിന്‍റണിൽ വീണ്ടും വെന്നിക്കൊടി പാറിച്ച് മലയാളി താരം ഖദീജ നിസ.

## Article Content

**റിയാദ് :** സൗദിയിലെ വനിതാ ബാഡ്മിന്‍റണിൽ വീണ്ടും വെന്നിക്കൊടി പാറിച്ച് മലയാളി താരം ഖദീജ നിസ.

കഴിഞ്ഞ ദിവസം സമാപിച്ച സൗദി ജൂനിയർ വനിത അണ്ടർ 19 കിങ്ഡം ടൂര്‍ണമെന്‍റിൽ സിംഗിൾസിലും ഡബിൾസിലും വിജയിച്ച് ഇരട്ട സ്വർണം നേട്ടവുമായിട്ടാണ് ഖദീജ കപ്പ് ഉയർത്തിയത്.

സമാനതകളില്ലാത്ത ഈ നേട്ടം കൈവരിച്ചതോടെ സൗദി അറേബ്യയുടെ വനിതാ കായികരംഗത്ത് തന്‍റേതായ ചരിത്രം രചിക്കുകയാണ് കോഴിക്കോട്, കൊടുവള്ളി സ്വദേശിനിയായ ഈ പെൺകുട്ടി.

മുൻപ് നടന്ന ആദ്യത്തെയും രണ്ടാമത്തെയും സൗദി ഗെയിംസിൽ തുടർച്ചയായ സ്വര്‍ണ നേട്ടത്തിന് പിറകെയാണ് ഖദീജ സൗദിയിലെ വനിതാ ബാഡ്മിന്‍റണിൽ ആധിപത്യം തുടർന്ന് സൗദി ജൂനിയർ അണ്ടര്‍ 19 ബാഡ്മിന്‍റണ്‍ കിങ്ഡം ടൂര്‍ണമെന്‍റിലും വിജയിച്ച് ഇരട്ട സ്വർണം കൈവരിച്ചത്.

സൗദി അറേബ്യയിലെ 30 പ്രമൂഖ ക്ലബുകളാണ് കിങ്ഡം ടൂർണമെന്‍റിൽ ഏറ്റുമുട്ടിയത്. ‌ഈ മാസം 14 മുതൽ 16 വരെ നടന്ന ടൂര്‍ണമെന്‍റിലെ സിംഗിള്‍സ്, ഡബിള്‍സ് ജൂനിയർ വനിതകളുടെ മത്സരങ്ങളിലാണ് ഇത്തിഹാദ് ക്ലബിനു വേണ്ടി ബാറ്റേന്തി ഷട്ടിൽ പാറിച്ച് ഖദീജ കീരീടം നേടിയത്.

ഫൈനലിൽ സൗദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലിനു വേണ്ടി കോർട്ടിലിറങ്ങിയ താരത്തെയാണ് ഇത്തിഹാദ് താരമായ ഖദീജ നിസ തറപറ്റിച്ചത്.

ഡബിൾസിൽ സിദ്രത്ത് അൽ നാസർ ആയിരുന്നു പങ്കാളി. കഴിഞ്ഞ വർഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് രണ്ട് സ്വർണമുൾപ്പെടെ 10 മെഡലുകളാണ് ഖദീജ നിസ നേടിയത്.

സൗദി ദേശീയ ഗെയിംസിൽ രണ്ട് തവണയും നേടിയ സുവർണ്ണ വിജയങ്ങൾക്കു പുറമേയാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് 15 രാജ്യങ്ങൾ പങ്കെടുത്ത അറബ് ജൂനിയർ ആൻഡ് സീനിയർ ചാംപ്യൻഷിപ്പിൽ സൗദി അറേബ്യക്കായി ദേശീയ ജഴ്സി അണിഞ്ഞ് മൂന്ന് മെഡലുകൾ നേടി.

സ്കൂൾ കാലം മുതൽ അസാമാന്യ പ്രകടനത്തിലൂടെ വിജയിച്ചു വന്ന പെൺകുട്ടിയുടെ കായികമികവും പ്രതിഭയും തിരിച്ചറിഞ്ഞ ഇത്തിഹാദ് ക്ലബ്ബ് തങ്ങളുടെ താരമാകുന്നതിനായി ടീമിലേക്ക് ഖദീജ നിസയെ ക്ഷണിക്കുകയായിരുന്നു.

ഇത്തിഹാദിന്‍റെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു പിന്നീടങ്ങോട്ട് ഈ മലയാളി താരത്തിന്‍റെ ഒരോ വിജയവും. റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഐ.ടി എൻജിനീയര്‍ കൂടത്തിങ്ങല്‍ അബ്ദുൽ ലത്തീഫിന്‍റെയും ഷാനിത ലത്തീഫിന്‍റെയും മകളാണ് ഖദീജ നിസ.

സൗദിയിൽ ജനിച്ചുവളർന്ന ഖദീജ നിസ റിയാദിലെ ന്യൂ മിഡില്‍ ഈസ്റ്റ് ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠനത്തിനു ശേഷം ഇപ്പോൾ സ്പോർട്സ് മാനേജ്‌മെന്‍റിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാര്‍ഥിനിയായി കോഴിക്കോട് ദേവഗിരി കോളജിൽ പഠിത്തം തുടരുന്നു.

വനിതാ കായികരംഗത്തിന് ഏറെ പ്രാധാന്യം കിട്ടിതുടങ്ങിയ കാലത്തു തന്നെ ശക്തമായ മൽസര നേട്ടങ്ങളൊടെ രാജ്യാന്തര തലത്തിൽ സൗദി അറേബ്യയുടെ പേര് വിക്ടറി സ്റ്റാൻഡിൽ കപ്പ് ഉയർത്തി മെഡൽ നേട്ടം സമ്മാനിക്കാനും ഖദീജ നിസയ്ക്ക് നന്നേ ചെറുപ്പത്തിലെ സാധിച്ചു.

വനിതാ ബാഡ്മിന്‍റണിൽ സൗദി അറേബ്യയുടെ യശസ്സ് ഉയർത്തി ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ച ഖദീജ നിസക്ക് സൗദി കായിക മേഖല അധികൃതരും ദേശീയ താരമെന്ന നിലക്ക് എല്ലാ പിന്തുണയും നൽകി പ്രോത്സാഹിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/229249/khadija-nisa-won-saudi-junior-women-under19-kingdom-tournament)