യാംബു: (gcc.truevisionnews.com) ചൊവ്വാഴ്‌ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ വ്യാപക മഴക്ക് സാധ്യതയെന്ന് സൗദി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
10 പ്രവിശ്യകളിലാണ് പ്രധാനമായും നല്ല മഴക്ക് സാധ്യത. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചില പ്രദേശങ്ങളിൽ നിലവിൽ ഇടിമിന്നലും നേരിയതോ സാമാന്യം ശക്തമായതോ ആയ മഴയും തുടരുന്നുണ്ട്. ജിസാൻ, അസീർ, അൽ ബാഹ എന്നീ പ്രവിശ്യകളിൽ പൊടിക്കാറ്റും ശക്തമായ മഴയുമുണ്ടായിട്ടുണ്ട്.
വരും ദിവസങ്ങളിലും ഈ ഭാഗങ്ങളിൽ മഴ തുടരാനാണ് സാധ്യത. മക്ക പ്രവിശ്യയിലെ തെക്കൻ ഭാഗങ്ങളിലും പൊടിക്കാറ്റും മഴയും കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായിരുന്നു.
വിവിധ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും അറിയിക്കുന്ന കാലാവസ്ഥ മാറ്റങ്ങൾ ശ്രദ്ധിക്കുകയും സിവിൽ ഡിഫൻസ് നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ പ്രദേശവാസികളെ ഓർമപ്പെടുത്തി.
മദീന, ഹാഇൽ, അൽ ഖസീം, റിയാദ് പ്രവിശ്യയുടെ വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.
മക്ക, ത്വാഇഫ്, മെയ്‌സാൻ, അദം, അൽ അർദിയാത്ത്, അൽ കാമിൽ, അൽ ജമൂം, അൽ ലെയ്ത്ത്, ഖുൻഫുദ തുടങ്ങിയ പ്രദേശങ്ങളിലും പരക്കെ മഴ പ്രതീക്ഷിക്കുന്നുണ്ട്.
ഖുർമ, തരാബ, റാനിയ, അൽ മുവൈഹ്, അഫീഫ്, അൽ ദവാദ്മി, അൽ ഖുവയ്യ, അഫ്‌ലാജ്, സുലയിൽ, വാദി അൽ ദവാസിർ തുടങ്ങിയ ഇടങ്ങളിൽ പൊടിക്കാറ്റും നേരിയതോ ശക്തമോ ആയ മഴയും കേന്ദ്രം പ്രവചിച്ചു.
സജീവമായ കാറ്റിനൊപ്പം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കേന്ദ്രം വിശദീകരിച്ചു. ഇതേ സാഹചര്യത്തിൽ വെള്ളിയാഴ്ച വരെ രാജ്യത്തിെൻറ പല ഭാഗങ്ങളിലും ഇടിമിന്നൽ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമൊഴുക്ക് ഉണ്ടാകുമ്പോൾ അവയിലൂടെ സഞ്ചാരം നടത്തുന്നതും നീന്താൻ ശ്രമിക്കുന്നതും ഒഴിവാക്കണം.
കാലാവസ്ഥാ മുന്നറിയിപ്പുകൾ പൂർണമായും പാലിക്കാനും രാജ്യത്തെ എല്ലാ താമസക്കാരോടും ബന്ധപ്പെട്ടവർ നിർദേശിച്ചു.
#Chance #thunder #rain #different #parts #SaudiArabia