---
title: "#death | ഏഴ്​ വർഷമായി നാട്ടിൽ പോയിട്ടില്ല; ഒടുവിൽ മടങ്ങിയത്​ ചേതനയറ്റ ശരീരമായി "
english_title: "#not #gone #home #seven #years #Finally #returned #lifeless #body"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238296/not-gone-home-seven-years-finally-returned-lifeless-body"
published_at: "2024-09-26T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f5708832de0_death.jpg"
keywords: []
---

# #death | ഏഴ്​ വർഷമായി നാട്ടിൽ പോയിട്ടില്ല; ഒടുവിൽ മടങ്ങിയത്​ ചേതനയറ്റ ശരീരമായി 

> **Lead Summary:** **റിയാദ്​: [ **തൊഴിൽ വിസയിൽ റിയാദിലെത്തിയ ശേഷം നാട്ടിൽ പോയിട്ടില്ല, ഒടുവിൽ മടങ്ങുന്നത്​ ചേതനയറ്റ ശരീരമായി.

## Article Content

**റിയാദ്​: [ **തൊഴിൽ വിസയിൽ റിയാദിലെത്തിയ ശേഷം നാട്ടിൽ പോയിട്ടില്ല, ഒടുവിൽ മടങ്ങുന്നത്​ ചേതനയറ്റ ശരീരമായി.

13 ദിവസം മുമ്പ്​ റിയാദിലെ താമസസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി തെക്കത്ത് വീട്ടിൽ ഹരിദാസി​ന്‍റെ (63) മൃതദേഹമാണ്​ നാട്ടിൽ കൊണ്ടു പോകുന്നത്​.

ഏഴു വർഷത്തിന്​ ശേഷമാണ്​ ഈ മടക്കം. എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ വെള്ളിയാഴ്​ച രാവിലെ കോഴിക്കോട്ട്​ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.

പരേതരായ കുട്ടികൃഷ്​ണൻ, ​സരോജനി അമ്മ എന്നിവരാണ്​ മാതാപിതാക്കൾ. മൃദുലയാണ്​ ഭാര്യ, ഏക മകൻ: പ്രണവ്​. ഏഴ്​ വർഷം മുമ്പ്​ റിയാദിലെത്തിയ ഹരിദാസിന്​​ എക്​സിറ്റ്​ 23ലെ ഖുറൈസ്​ മാളിലായിരുന്നു ജോലി.

പലവിധ കാരണങ്ങളാൽ നാട്ടിലേക്കുള്ള യാത്രനീണ്ടു. അതിനിടെ 13 ദിവസം മുമ്പ് റിയാദ്​ ശുമൈസിയിലെ​ താമസസ്ഥലത്ത്​ വെച്ച്​ ഹൃദയാഘാതം മൂലം മരിച്ചു.

ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന്​ റിയാദിലുള്ള മാതൃസഹോദരി പുത്രൻ പ്രസാദ് കെ.എം.സി.സി പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു.

ഔദ്യോഗിക നടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ഷറഫുദ്ദീൻ ചേളാരി, നസീർ കണ്ണേരി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238296/not-gone-home-seven-years-finally-returned-lifeless-body)