ദുരന്തം വിതച്ച് സൗദിയില്‍ മഴ തുടരുന്നു…മരണപ്പെട്ടത് 24 പേര്‍; മരിച്ചവരില്‍ ഇന്ത്യന്‍ പ്രവാസികളും

മനാമ ; സൗദിയില്‍ പല ഭാഗങ്ങളിലും മഴ തുടരുന്നു. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ജിദ്ദയില്‍ ശനിയാഴ്ച രാവിലെ മുതല്‍ അങ്ങിങ്ങായി മഴ പെയ്യുന്നുണ്ട്. പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇടിമിന്നലും കാറ്റുമുണ്ട്. ജിദ്ദക്കു പുറമെ, റാബിഗ്, അല്ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളിലും മിതമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മദീന, ഖൈബര്‍, യാമ്ബു, മക്ക, തായിഫ് എന്നിവടങ്ങളില്‍ ശക്തമായ കാറ്റും മഴയുമാണുണ്ടായത്. പ്രളയത്തില്‍ ലോറി ഒഴുക്കില്‍പെട്ട് ജിദ്ദക്കു സമീപം ഇന്ത്യക്കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ലൈത്തില്‍ ഗമീഖക്ക് കിഴക്ക് 15 കിലോമീറ്റര്‍ ദൂരെ വാദി മന്‍സിയിലാണ് അഞ്ചു തൊഴിലാളികള്‍ സഞ്ചരിച്ച മിനി ലോറി അപകടത്തില്‍പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തി നാലു പേരെ രക്ഷപ്പെടുത്തി. മറിഞ്ഞ മിനി ലോറിയുടെ മുകളില്‍ കയറി നില്‍ക്കുകയായിരുന്നു ഈ നാലു പേരും. സിവില്‍ ഡിഫന്‍സ് അധികൃതര്‍ ലോറി ഉയര്‍ത്തി നടത്തിയ തിരച്ചിലില്‍ ലോറിയുടെ കാബിനിലും സമീപ പ്രദേശങ്ങളിലും ഇന്ത്യക്കാരനെ കണ്ടെത്താനായില്ല. തുടര്‍ന്ന് താഴ്വരയില്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട സ്ഥലത്തുനിന്ന് നാലു കിലോമീറ്റര്‍ ദൂരെയാണ് ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ അറിയിച്ചു. സുരക്ഷാ വകുപ്പുകള്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കി.

സൗദിയില്‍ ദിവസങ്ങളായ തുടരുന്ന കനത്ത മഴയില്‍ ഇതുവരെ 24 പേര്‍ മരിച്ചു. ജിദ്ദയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. കഴിഞ്ഞ ദിവസം ശക്തമായ കാറ്റു മൂലം ജിദ്ദ തുറമുഖം രാവിലെ അല്‍പനേരം അടച്ചിട്ടു. മഴയും കാറ്റും വിമാന സര്‍വീസുകളെ ബാധിച്ചില്ല. മദീനയില്‍ പ്രളയത്തില്‍ വ്യാപക നഷ്ടങ്ങളുണ്ടായി. മദീനയിലെ ദഅ, വാദി അല്‍ഫറഇലെ അല്‍മുദീഖ്, യാമ്ബുവിലെ നബത്, ഖൈബറിലെ റൗദ ഉമ്മുല്‍ഉമര്‍, മഹ്ദുദ്ദഹബിലെ ഖുറൈദ, അല്‍സ്വല്‍ഹാനിയ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നു. പ്രളയത്തില്‍ കുടുങ്ങിയ നുറോളം പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.

കനത്ത മഴയും മലയിടിച്ചിലും കാരണം തായിഫ്, മക്ക അല്‍കര്‍ (അല്‍ഹദ) റോഡ് അടച്ചു. അല്‍ബാഹയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തില്‍ പെട്ട 45 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മഴക്കിടെ പ്രവിശ്യയില്‍ 93 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാഹയിലെ അല്‍ഹജ്‌റയിലും ബല്‍ജുര്‍ഷിയിലും മൂന്നു പേര്‍ പ്രളയത്തില്‍ മരിച്ചതായും അല്‍ബാഹ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ജംആന്‍ അല്‍ഗാംദി പറഞ്ഞു. മലവെള്ളപ്പാച്ചില്‍ മൂലം അല്‍ഖുര്‍മ-തുര്‍ബ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മലവെള്ളപ്പാച്ചില്‍ മൂലം ഈ റോഡില്‍ ഗതാഗതം മുടങ്ങുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *