---
title: "8 തവണ വെടിയേറ്റ നായ ജീവിതത്തിലേക്ക്; വെടിവച്ചവർക്കെതിരെ നടപടി"
english_title: "To dog life shot 8 times; Action against the shooters"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/24490/to-dog-life-shot-8-times-action-against-the-shooters"
published_at: "2022-02-04T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd4460de65d_dog.jpg"
keywords: []
---

# 8 തവണ വെടിയേറ്റ നായ ജീവിതത്തിലേക്ക്; വെടിവച്ചവർക്കെതിരെ നടപടി

> **Lead Summary:** **ഷാർജ: **എയർഗൺ കൊണ്ട് എട്ടിലേറെ തവണ വെടിയേറ്റു ഗുരുതരാവസ്ഥയിലായ നായ വിദഗ്ധ ചികിത്സയെ തുടർന്ന് ജീവിതത്തിലേക്കു മടങ്ങുന്നു. തലയിലും കണ്ണിനു സമീപത്തും ഉൾപ്പെടെ ആഴത്തിലേറ്റ വെടിയുണ്ടകളിൽ നിന്നു മൂന്നെണ്ണം മാത്രമാണ് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനായത്.

## Article Content

**ഷാർജ: **എയർഗൺ കൊണ്ട് എട്ടിലേറെ തവണ വെടിയേറ്റു ഗുരുതരാവസ്ഥയിലായ നായ വിദഗ്ധ ചികിത്സയെ തുടർന്ന് ജീവിതത്തിലേക്കു മടങ്ങുന്നു. തലയിലും കണ്ണിനു സമീപത്തും ഉൾപ്പെടെ ആഴത്തിലേറ്റ വെടിയുണ്ടകളിൽ നിന്നു മൂന്നെണ്ണം മാത്രമാണ് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനായത്.

ആരോഗ്യനില വിലയിരുത്തിയാകും തുടർ ശസ്ത്രക്രിയകൾ നടത്തുകയെന്നു ഡോക്ടർമാർ വ്യക്തമാക്കി. ചില വെടിയുണ്ടകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ അതിസങ്കീർണമായതിനാൽ ജീവഹാനിയോ ഗുരുതര ശാരീരിക പ്രശ്നങ്ങളോ ഉണ്ടാകാമെന്നാണ് നിഗമനം. ഗ്രേസ് എന്ന പേരിട്ട നായ യൂറോപ്യൻ ക്ലിനിക്കിലാണുള്ളത്.

നായയെ വെടിവച്ചവരെ കണ്ടെത്തി കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞമാസം 28ന് രാത്രി എമിറേറ്റിലെ താമസമേഖലയിലാണ് അറേബ്യൻ സലൂകി ഇനത്തിൽപ്പെട്ട നായയ്ക്ക് വെടിയേറ്റത്. 2 പേർ നായയെ വെടിവയ്ക്കുന്നത് കണ്ടതായി മേഖലയിലെ താമസക്കാരി അറിയിച്ചതിനെ തുടർന്ന് സന്നദ്ധ പ്രവർത്തകർ എത്തുകയായിരുന്നു.

അപ്പോഴേക്കും സംഭവസ്ഥലത്തു നിന്ന് സമീപത്തെ വില്ലയിൽ നായ ഇഴഞ്ഞെത്തിയിരുന്നു. റാസൽഖൈമ മരുഭൂമിയിലും കഴിഞ്ഞമാസം സമാനസംഭവം നടന്നിരുന്നു. 11 തവണ വെടിയേറ്റ നിലയിൽ കാണപ്പെട്ട നായ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.

കഷ്ടിച്ച് എഴുന്നേറ്റ് നിൽക്കാനാകുമെങ്കിലും പൂർണമായും സുഖപ്പെടാൻ താമസമെടുക്കും. യുഎഇയിൽ മൃഗങ്ങൾക്കു നേരെയുള്ള ക്രൂരതയ്ക്ക് ഒരു വർഷം തടവും 2 ലക്ഷം ദിർഹം പിഴയുമാണു ശിക്ഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/24490/to-dog-life-shot-8-times-action-against-the-shooters)