---
title: "വാപ്പച്ചിക്ക് പിന്നാലെ ദുൽഖർ സൽമാനും ഗോൾഡൻ വീസ"
english_title: "After his father-in-law, Dulquer Salman also got a golden visa"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/25/after-his-father-in-law-dulquer-salman-also-got-a-golden-visa"
published_at: "2021-09-16T16:24:00+05:30"
category: "UAE"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614322f3769c1_Untitled-2.jpg"
keywords: []
---

# വാപ്പച്ചിക്ക് പിന്നാലെ ദുൽഖർ സൽമാനും ഗോൾഡൻ വീസ

> **Lead Summary:** **അബുദാബി : ** വാപ്പച്ചിക്ക് പിന്നാലെ ദുൽഖർ സൽമാനും യുഎഇയുടെ 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. അബുദാബി സാംസ്കാരിക–വിനോദ സഞ്ചാര വകുപ്പാണ് യുവ താരത്തിന് ഗോൾഡൻ വീസ നൽകിയത്.

## Article Content

**അബുദാബി : ** വാപ്പച്ചിക്ക് പിന്നാലെ ദുൽഖർ സൽമാനും യുഎഇയുടെ 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. അബുദാബി സാംസ്കാരിക–വിനോദ സഞ്ചാര വകുപ്പാണ് യുവ താരത്തിന് ഗോൾഡൻ വീസ നൽകിയത്.

വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ അബുദാബി കൾചർ ആൻഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുൽ അസീസ് അൽ ഹൊസനിയിൽ നിന്ന് ദുൽഖർ വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി.

ഡയറക്ട്‍ അബ്ദുൽ അസീസ് അൽ ദോസരി, ടു ഫോർ ഫിഫ്റ്റി ഫോർ പ്രതിനിധി ബദറിയ്യ അൽ മസ്റൂയി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഓഫ് കൊമേഴ്സ് വൈസ് ചെയർമാനുമായ എം.എ.യൂസഫലി, ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ എന്നിവർ പങ്കെടുത്തു.

താരത്തിന്റെ സിനിമാ സംഭാവനകൾ പ്രകീർത്തിച്ച സഊദ് അബ്ദുൽ അസീസ് അൽ ഹൊസനി മലയാള സിനിമാ വ്യവസായത്തെ അബുദാബി സ്വാഗതം ചെയ്യുന്നതായി പറഞ്ഞു. ഗോൾഡൻ വീസ ലഭിച്ചതിൽ ദുൽഖറും സന്തോഷം പ്രകടിപ്പിച്ചു.

മലയാള സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള അബുദാബി സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. അബുദാബിയിൽ തന്റെ സിനിമകളുടെ ചിത്രീകരണം ആലോചിക്കുമെന്നും കൂട്ടിച്ചേർത്തു.

അടുത്തിടെ ദുൽഖറിന്റെ പിതാവും സൂപ്പർതാരവുമായ മമ്മുട്ടി, സൂപ്പർതാരം മോഹൻലാൽ എന്നിവർക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചിരുന്നു. യുവ താരങ്ങളായ ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവരാണ് ഈ വീസ സ്വന്തമാക്കിയ മറ്റു മലയാള നടന്മാർ, ഫഹദ് ഫാസിൽ, നസ്രിയ, മഞ്ജുവാരിയർ തുടങ്ങിയവരും ഗോൾഡൻ വീസയ്ക്ക് താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/25/after-his-father-in-law-dulquer-salman-also-got-a-golden-visa)