---
title: "15 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും ജോലി ചെയ്യാനുള്ള അനുമതി; വൻ മാറ്റത്തിനൊരുങ്ങി യുഎഇ"
english_title: "Permission to work for students over 15; UAE ready for big change"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/25096/permission-to-work-for-students-over-15-uae-ready-for-big-change"
published_at: "2022-02-08T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201e37cd5378_part time job.jpg"
keywords: []
---

# 15 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും ജോലി ചെയ്യാനുള്ള അനുമതി; വൻ മാറ്റത്തിനൊരുങ്ങി യുഎഇ

> **Lead Summary:** **അബുദാബി : **യുഎഇയിൽ 15 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും ജോലി ചെയ്യാനുള്ള അനുമതി ബിസിനസ് രംഗത്ത് വൻ ചലനമുണ്ടാക്കുമെന്ന് വിദഗ്ധർ. തൊഴിൽ ലോകം പരിചയപ്പെടാനുള്ള അവസരം വിദ്യാർഥികളെ ഭാവിയിൽ മികച്ച പ്രഫഷനലുകളാക്കും.

## Article Content

**അബുദാബി : **യുഎഇയിൽ 15 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും ജോലി ചെയ്യാനുള്ള അനുമതി ബിസിനസ് രംഗത്ത് വൻ ചലനമുണ്ടാക്കുമെന്ന് വിദഗ്ധർ. തൊഴിൽ ലോകം പരിചയപ്പെടാനുള്ള അവസരം വിദ്യാർഥികളെ ഭാവിയിൽ മികച്ച പ്രഫഷനലുകളാക്കും.

ഈ മാസം പ്രാബല്യത്തിൽ വന്ന പുതിയ തൊഴിൽ നിയമത്തിലാണ് വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിക്ക് അനുമതി ലഭിച്ചത്. പഠനത്തോടൊപ്പം ജോലി എന്ന നിലയിൽ വിദേശരാജ്യങ്ങളിലേതിനു സമാനമായ അവസരമാണ് യുഎഇയിലും കൈവന്നിരിക്കുന്നത്.

ക്ലാസ് കഴിഞ്ഞുള്ള സമയത്ത് ജോലിക്കു പോകാനാണ് അനുമതി. ഒരു മണിക്കൂർ ഇടവേള ഉൾപ്പെടെ 6 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കാൻ പാടില്ല. കൗമാരക്കാരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കുംവിധം വൈകിട്ട് 7 മുതൽ രാവിലെ 7 വരെയുള്ള ഷിഫ്റ്റുകളിലും ജോലി ചെയ്യിക്കരുത്.

രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതവും മെഡിക്കൽ ഫിറ്റ്നസ് റിപ്പോർട്ടും നിർബന്ധമാണ്. തൊഴിൽ പരിചയം, നേതൃത്വം, സമയ മാനേജ്മെന്റ്, സഹകരണം തുടങ്ങിയ കഴിവുകൾ വളർത്തിയെടുക്കാൻ ഇതു സഹായിക്കും.

യുവാക്കൾക്ക് തൊഴിൽ മേഖലകളിൽ പ്രായോഗിക പരിജ്ഞാനം അനുഭവിക്കാൻ കൗമാരത്തിൽ തന്നെ അവസരം ലഭിക്കുന്നത് അവരുടെ ഭാവിക്ക് മുതൽക്കൂട്ടാകുമെന്ന് വിദഗ്ധർ പറയുന്നു. വിവിധ മേഖലകളിൽ കുറഞ്ഞത് 2000–8000 ദിർഹം വരെ ശമ്പളം ലഭിച്ചേക്കും. പഠനച്ചെലവ് സ്വയം കണ്ടെത്തുന്നതിനൊപ്പം കുടുംബത്തിന് താങ്ങാകാനും ഇതിലൂടെ വിദ്യാർഥികൾക്ക് സാധിക്കുന്നു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/25096/permission-to-work-for-students-over-15-uae-ready-for-big-change)