---
title: "വിദേശികൾക്ക് വിവാഹ നിയമം ലളിതമാക്കി അബുദാബി "
english_title: "Abu Dhabi simplifies marriage law for foreigners"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/25099/abu-dhabi-simplifies-marriage-law-for-foreigners"
published_at: "2022-02-08T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201e58f460a3_marriage.jpg"
keywords: []
---

# വിദേശികൾക്ക് വിവാഹ നിയമം ലളിതമാക്കി അബുദാബി 

> **Lead Summary:** **അബുദാബി : ** രാജ്യാന്തര മാനദണ്ഡം അനുസരിച്ചുള്ള പുതിയ വിവാഹബ നിയമത്തിന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് ചെയർമാനുമായ ഷെയ്ഖ് മുൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി.

## Article Content

**അബുദാബി : ** രാജ്യാന്തര മാനദണ്ഡം അനുസരിച്ചുള്ള പുതിയ വിവാഹബ നിയമത്തിന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് ചെയർമാനുമായ ഷെയ്ഖ് മുൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി.

അബുദാബിയിലെ സിവിൽ ഫാമിലി കോർട്ടിലാണ് ഇതിനു അപേക്ഷ നൽകേണ്ടത്. വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങൾ, നഷ്ടപരിഹാരം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, സാമ്പത്തിക അവകാശങ്ങളിൽ തീരുമാനമെടുക്കൽ, വിൽപത്രം, പിൻതുടർച്ചാവാകാശം, ദത്തെടുക്കൽ തുടങ്ങി 52 കാര്യങ്ങൾ സിവിൽ കുടുംബ കോടതിയുടെ അധികാരപരിധിയിൽ വരും.

സങ്കീർണ നടപടികളും നീണ്ട സാക്ഷി വിസ്താരവും ഒഴിവാക്കി ഇരുവരുടെയും സമ്മതത്തോടെ വിവാഹമോചനത്തിന് അവസരമൊരുക്കും. ഇതിനു കാരണം ബോധിപ്പിക്കുകയോ ഫാമിലി കൗൺസിലിന്റെ നിർബന്ധിത കൗൺസിലിങ് സർട്ടിഫിക്കറ്റോ വേണ്ട.

വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശത്തിനു അവകാശമുണ്ട്. ദാമ്പത്യകാല ദൈർഘ്യം, പ്രായം, സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക.

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും വിവാഹമോചനം കുട്ടികളുടെ മേൽ വരുത്തുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും അവരുടെ സംരക്ഷണം തുല്യമായി പങ്കിടാനും അനുമതിയുണ്ട്.

കുട്ടിയെ നോക്കാനായി ജീവിത പങ്കാളികളിൽ ആരെങ്കിലും ജോലി ഉപേക്ഷിക്കേണ്ടിവന്നാൽ സാമ്പത്തിക സഹായം നൽകാൻ പങ്കാളിക്കു ബാധ്യതയുണ്ട്. അമുസ്‌ലിം വിൽപത്രം റജിസ്റ്റർ ചെയ്യൽ, ഒരു പ്രവാസിക്ക് അവന്റെ/അവളുടെ എല്ലാ സ്വത്തുക്കളും അവൻ/അവൾ ആഗ്രഹിക്കുന്നവർക്ക് മരണശേഷം വീതിച്ചുനൽകുന്നതിനുള്ള അവകാശമുണ്ട്.

വിൽപത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ പകുതി ഇണയ്ക്കും ബാക്കി മക്കൾക്കും വീതിച്ചുനൽകും.
 വിവാഹ മോചനത്തിനു ശേഷമുള്ള സാമ്പത്തിക തർക്ക കേസുകളിലെ വിധികളിൽ 5 ലക്ഷത്തിൽ കുറഞ്ഞ നഷ്ടപരിഹാര തുകയിന്മേൽ അപ്പീൽ പോകാൻ സാധിക്കില്ല.

നൂതനവും രാജ്യാന്തര അംഗീകാരവുമുള്ള നിയമത്തിൽ വിദേശികൾക്ക് കുട്ടികളെ ദത്തെടുക്കാനും അനുമതി നൽകുന്നു. വിദേശികളുടെ കേസു വാദിക്കുന്നതിന് അബുദാബിയിലെ ഫാമിലി കുടുംബ കോടതിയിൽ വിദേശ വക്കീലൻമാർക്കു ഹാജാരാകാമെന്ന ചരിത്രത്തിലെ സുപ്രധാന വിധിയിലൂടെ വിദേശ വക്കീലൻമാർക്ക് മികച്ച അവസരം ലഭിക്കുമെന്ന് പ്രമുഖ അഭിഭാഷകൻ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. അബുദാബിയിൽ മാത്രമാണ് ഈ നിയമം ബാധകമാകുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/25099/abu-dhabi-simplifies-marriage-law-for-foreigners)