ഷാർജ: (gcc.truevisionnews.com) പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി വിമാന കമ്പനികൾ . ശൈത്യകാല അവധിയും ക്രിസ്മസും മുന്നിൽക്കണ്ട് കേരളത്തിലേക്കുള്ള ഉയർന്ന വിമാന യാത്രാനിരക്ക് കുറച്ചു.
തിരക്ക് കുറഞ്ഞ സമയങ്ങളിലെ നിരക്കിനേക്കാൾ മൂന്നും നാലും ഇരട്ടിയായി വർധിപ്പിച്ച നിരക്കാണ് വിമാന കമ്പനികൾ കുറച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 1300 ദിർഹമിന് മുകളിൽ ആയിരുന്നു കുറഞ്ഞ നിരക്ക്. എന്നാൽ, തിരുവനന്തപുരത്തേക്ക് ഇപ്പോൾ 760 ദിർഹം മുതൽ ടിക്കറ്റ് ലഭിക്കും.
കൊച്ചിയിലേക്ക് 830 ദിർഹം മുതലും കണ്ണൂരിലേക്ക് 850 ദിർഹമിനും കോഴിക്കോട് റൂട്ടിൽ 890 ദിർഹം മുതലും ടിക്കറ്റ് ലഭ്യമാണ്. കോഴിക്കോട്ടേക്ക് നേരത്തെ തന്നെ ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ കുറച്ചിരുന്നു.
യു.എ.ഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്ക് താരതമ്യേന കുറവാണെങ്കിലും ക്രിസ്മസിനുശേഷം ജനുവരി ആദ്യത്തിൽ കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് താരതമ്യേന കൂടിയ നിലയിലാണ്.
തിരുവനന്തപുരത്തുനിന്ന് 1400 മുതൽ 2700 ദിർഹമും കൊച്ചിയിൽനിന്ന് 1450 മുതൽ 3355 ദിർഹമും കോഴിക്കോടുനിന്ന് 860 മുതൽ 2055 ദിർഹമും കണ്ണൂരിൽ നിന്ന് 1100 മുതൽ 1650 ദിർഹം വരെയാണ് നിലവിൽ വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത്. ഈ നിരക്കും കുറയുമെന്ന പ്രതീക്ഷയിലാണ് പലരും.
#Winter #Vaction #Christmas #Fewer #Airlines #Cut #Fares