---
title: "#abdulrahim | അബ്​ദുൽ ഹീമിന്‍റെ മോചനം; കേസ് ഫെബ്രുവരി 2ന് വീണ്ടും പരിഗണിക്കും"
english_title: "#Release #Abdulraheem #case #heard #again #February2"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263758/release-abdulraheem-case-heard-again-february2"
published_at: "2025-01-16T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788a95289840_abdul.jpg"
keywords: []
---

# #abdulrahim | അബ്​ദുൽ ഹീമിന്‍റെ മോചനം; കേസ് ഫെബ്രുവരി 2ന് വീണ്ടും പരിഗണിക്കും

> **Lead Summary:** **റിയാദ്: ** സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്​ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ടുള്ള അടുത്ത കോടതി സിറ്റിങ് തീയതി അറിയിച്ചു. ഫെബ്രുവരി 2 നാണ് ഇനി കേസ് പരിഗണിക്കുക.

## Article Content

**റിയാദ്: ** സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്​ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ടുള്ള അടുത്ത കോടതി സിറ്റിങ് തീയതി അറിയിച്ചു. ഫെബ്രുവരി 2 നാണ് ഇനി കേസ് പരിഗണിക്കുക.

ഞായറാഴ്ച രാവിലെ സൗദി സമയം 8 മണിക്ക് കോടതി കേസ് പരിഗണിക്കുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു.

ഡിവിഷൻ ബഞ്ച് ആണ് കേസ് പരിഗണിക്കുക. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനകാര്യത്തിൽ ആറാം തവണയും റിയാദ്​ കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു.

ഇന്നലെ​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു. ഓൺലൈൻ സിറ്റിംഗില്‍ ജയിലിൽ നിന്ന്​ റഹീമും ഹാജരായിരുന്നു.

കൂടാതെ റഹീമിന്‍റെ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്​റ്റിയറിംഗ്​ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായി.

പ്രോസിക്യൂഷന്‍റെ വാദം കേൾക്കലും പ്രതിഭാഗത്തി​ന്‍റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263758/release-abdulraheem-case-heard-again-february2)