അൽഐൻ : (gcc.truevisionnews.com) മൂന്ന് വർഷം മുൻപാണ് കഴിഞ്ഞ ദിവസം അബുദാബിയിൽ വധശിക്ഷയ്ക്ക് വിധേയനായ കണ്ണൂർ തലശ്ശേരി നിട്ടൂർ ഗുംട്ടി തെക്കെപറമ്പത്ത് അരങ്ങിലോട്ട് സ്വദേശി മുഹമ്മദ് റിനാഷ്(28) യുഎഇയിലെത്തിയത്.
2021ൽ അൽെഎനിലെ ഒരു ട്രാവൽ ഏജൻസിയിൽ ജോലിയിൽ പ്രവേശിച്ചു. 2023 ഫെബ്രുവരി 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുഎഇ പൗരൻ അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2 വർഷമായി അൽഐൻ മനാസിർ ജയിലിലായിരുന്നു.
ജോലിക്കിടെ പരിചയപ്പെട്ട അൽഐൻ സ്വദേശി അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരിയുടെ വീട്ടിലേക്ക് സാധനങ്ങളെത്തിച്ചിരുന്നത് മുഹമ്മദ് റിനാഷായിരുന്നു. ഒരിക്കൽ ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. പിടിവലിക്കിടെ അബ്ദുല്ല സിയാദ് അൽ മൻസൂരി കത്തിക്കുത്തേറ്റ് മരിച്ചു എന്നാണ് കേസ്.
മുഹമ്മദ് റിനാഷിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ മാതാവ് അറംഗലോട്ട് ലൈല മുട്ടാത്ത വാതിലുകളില്ല. നാട്ടിൽ ഭരണാധികാരികൾക്ക് ഇതുസംബന്ധമായി അപേക്ഷകൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായി മറ്റു മക്കളായ റിയാസ്, സജീർ എന്നിവരോടൊപ്പം ഉമ്മ യുഎഇയിലുമെത്തി. പക്ഷേ, എല്ലാ ശ്രമവും പഴായി, മുഹമ്മദ് റിനാഷിന്റെ വധശിക്ഷ അബുദാബിയിൽ നടപ്പിലാക്കി.
#MuhammadRinash's #mother #from #Thalassery #came #UAE #avoid #his #execution #Family #pain #over #execution