---
title: "ഫിത്ർ സകാത്ത് 25 ദിർഹം; അരി നൽകാത്തവർ പണം നൽകണമെന്ന് യുഎഇ"
english_title: "#FitrZakat #25 #dirhams #UAE #asks #those #who #don't #give #rice #pay #cash"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/275687/fitrzakat-25-dirhams-uae-asks-those-who-dont-give-rice-pay-cash"
published_at: "2025-03-10T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce9641bafb5_rice.jpg"
keywords: []
---

# ഫിത്ർ സകാത്ത് 25 ദിർഹം; അരി നൽകാത്തവർ പണം നൽകണമെന്ന് യുഎഇ

> **Lead Summary:** **അബുദാബി : **ഫിത്ർ സകാത്തിന്റെ തുക 25 ദിർഹമായി നിജപ്പെടുത്തി യുഎഇ ഫത്‍വ കൗൺസിൽ. അതതു പ്രദേശത്തെ പ്രധാന ധാന്യമാണ് (അരി) ഫിത്ർ സകാത്തായി നൽകേണ്ടത്. അത് നൽകാൻ സാധിക്കാത്തവർക്ക് 2.5 കിലോ അരിയുടെ തുകയായ 25 ദിർഹം പണമായി നൽകാം.

## Article Content

**അബുദാബി : **ഫിത്ർ സകാത്തിന്റെ തുക 25 ദിർഹമായി നിജപ്പെടുത്തി യുഎഇ ഫത്‍വ കൗൺസിൽ. അതതു പ്രദേശത്തെ പ്രധാന ധാന്യമാണ് (അരി) ഫിത്ർ സകാത്തായി നൽകേണ്ടത്. അത് നൽകാൻ സാധിക്കാത്തവർക്ക് 2.5 കിലോ അരിയുടെ തുകയായ 25 ദിർഹം പണമായി നൽകാം.

വ്രതാനുഷ്ഠാനം 30 പൂർത്തിയാക്കുകയോ ശവ്വാൽ മാസപ്പിറവി കാണുകയോ ചെയ്താൽ പെരുന്നാൾ നമസ്കാരത്തിന് മുൻപായി ഫിത്ർ സകാത്ത് നൽകുകയാണ് ഉത്തമം. വിവിധ കാരണങ്ങളാൽ നോമ്പ് അനുഷ്ഠിക്കാൻ സാധിക്കാത്തവർ ഒരു ദിവസം ഒരാൾക്ക് നോമ്പുതുറക്കാൻ 15 ദിർഹം നൽകണം.

ധാന്യമാണെങ്കിൽ 3.25 കിലോ നൽകണം. മനഃപൂർവം നോമ്പ് മുറിക്കുന്നവർ 60 പേരുടെ ഭക്ഷണത്തിനു ആവശ്യമായ 900 ദിർഹം നൽകണം. മരണം മൂലം നോമ്പു പൂർത്തീകരിക്കാൻ സാധിക്കാത്തവർക്കായി 15 ദിർഹമോ 3.25 കിലോ ധാന്യമോ അടുത്ത ബന്ധു നൽകണം. പെരുന്നാൾ ദിവസത്തെ വിഭവങ്ങൾ കഴിച്ച് ബാക്കിയാകുന്നത് ഫിത്ർ സകാത്ത് നൽകണം.

വ്രതാനുഷ്ഠാനത്തിലെ അപാകതകൾക്കുള്ള പരിഹാരത്തോടൊപ്പം പെരുന്നാൾ ദിവസം ആരും പട്ടിണി കിടക്കരുത് എന്ന സന്ദേശമാണ് ഫിത്ർ സകാത്ത് നൽകുന്നത്. ഫിത്ർസകാത്ത് ശേഖരിച്ചു വിതരണം ചെയ്യാൻ യുഎഇയിൽ 7 അംഗീകൃത കേന്ദ്രങ്ങളുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/275687/fitrzakat-25-dirhams-uae-asks-those-who-dont-give-rice-pay-cash)