---
title: "അബുദാബിയില്‍ റോബോ ടാക്സി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു"
english_title: "#Abu Dhabi expands robo taxi service more areas"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/286642/abu-dhabi-expands-robo-taxi-service-more-areas"
published_at: "2025-04-29T11:58:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681071d791f11_tyst.jpg"
keywords: []
---

# അബുദാബിയില്‍ റോബോ ടാക്സി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

> **Lead Summary:** **അബുദാബി: [** സ്വയം നിയന്ത്രിത വാഹനമായ റോബോ ടാക്സിയുടെ സർ‌വീസ് അബുദാബിയിലെ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നു. അതു സംബന്ധിച്ച ധാരണാപത്രത്തിൽ ഓട്ടോ ഗോയും അപ്പോളോ ഗോയും ഒപ്പുവച്ചു.

## Article Content

**അബുദാബി: [** സ്വയം നിയന്ത്രിത വാഹനമായ റോബോ ടാക്സിയുടെ സർ‌വീസ് അബുദാബിയിലെ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നു. അതു സംബന്ധിച്ച ധാരണാപത്രത്തിൽ ഓട്ടോ ഗോയും അപ്പോളോ ഗോയും ഒപ്പുവച്ചു.

2026ൽ പൂർണതോതിൽ സേവനം ആരംഭിക്കുന്നതിനു മുന്നോടിയായാണു കൂടുതൽ മേഖലകളിലേക്കു പരീക്ഷണയോട്ടം വ്യാപിപ്പിക്കുന്നത്. പ്രകൃതിക്കു കോട്ടം വരുത്താതെ, യാത്രക്കാർക്ക് ഏറ്റവും നൂതനമായ ഗതാഗത സൗകര്യം ഒരുക്കുകയാണു ലക്ഷ്യമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.

നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആറാം തലമുറ (ആർടി6) റോബോ ടാക്സിയാണു സേവനത്തിന് ഉപയോഗിക്കുന്നത്. മനുഷ്യർ വാഹനമോടിക്കുമ്പോൾ സംഭവിക്കാവുന്ന തെറ്റുകൾ സ്വയം നിയന്ത്രിത വാഹനങ്ങളിലുണ്ടാകില്ലെന്നും സുരക്ഷ ഉറപ്പുവരുത്തിയാണു സേവനം തുടങ്ങുന്നതെന്നും ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ ഗഫെലി പറഞ്ഞു.

നൂതന ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് മറ്റു വാഹനങ്ങളുടെ സാന്നിധ്യം മനസ്സിലാക്കാനും കൂട്ടിയിടിക്കാതെ വേഗം നിയന്ത്രിച്ച് മുന്നോട്ടുപോകാനും അവയ്ക്കു സാധിക്കും. എന്തെങ്കിലും മാർഗതടസ്സങ്ങളുണ്ടെങ്കിൽ അതു തിരിച്ചറിഞ്ഞ് വഴി മാറി സഞ്ചരിക്കും.

എമിറേറ്റിന്റെ ഗതാഗത ചട്ടങ്ങൾ പ്രകാരം പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് റോബോ ടാക്സിക്കു നിർദേശങ്ങൾ നൽകുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/286642/abu-dhabi-expands-robo-taxi-service-more-areas)