---
title: "കുവൈറ്റ് സൈന്യത്തിൽ ഇനി മുതൽ വനിതകൾക്കും അവസരം; നിർദ്ദേശങ്ങൾ പുറത്തുവിട്ടു"
english_title: "Kuwait army now allow women join guidelines released"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/287268/kuwait-army-now-allow-women-join-guidelines-released"
published_at: "2025-05-01T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681394e83e14b_gfdg.jpg"
keywords: []
---

# കുവൈറ്റ് സൈന്യത്തിൽ ഇനി മുതൽ വനിതകൾക്കും അവസരം; നിർദ്ദേശങ്ങൾ പുറത്തുവിട്ടു

> **Lead Summary:** **[** കുവൈറ്റ് സൈന്യത്തിൽ ഇനിമുതൽ സ്ത്രീകൾക്കും അവസരം. കുവൈറ്റ് സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സ്ത്രീകളെ സായുധ സേനയിൽ ഉൾപ്പെടുത്താൻ തീരുമാനമായത്. സൈന്യത്തിൽ ചേരാൻ വനിതകൾക്ക് ഞായറാഴ്ച മുതൽ അപേക്ഷിക്കാം.

## Article Content

**[** കുവൈറ്റ് സൈന്യത്തിൽ ഇനിമുതൽ സ്ത്രീകൾക്കും അവസരം. കുവൈറ്റ് സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സ്ത്രീകളെ സായുധ സേനയിൽ ഉൾപ്പെടുത്താൻ തീരുമാനമായത്. സൈന്യത്തിൽ ചേരാൻ വനിതകൾക്ക് ഞായറാഴ്ച മുതൽ അപേക്ഷിക്കാം.

ശാസ്ത്ര വിഷയങ്ങളിലോ ആർട്‌സ് വിഷയങ്ങളിലോ പതിനൊന്നാം ക്ലാസ് പൂർത്തിയാക്കിയ സ്ത്രീകൾക്കാണ് അവസരമെന്ന് അൽ-റായ് അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാ യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്കും പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാൻ സാധിക്കും.

മെയ് 4 മുതൽ മൂന്ന് ദിവസത്തേക്ക് അപേക്ഷിക്കാൻ ഉള്ള രജിസ്‌ട്രേഷൻ വിൻഡോ വെബ്ബ്‌സൈറ്റിൽ ലഭ്യമായിരിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://vc.kuwaitarmy.gov.kw-se ലൂടെയാണ് വനിതകൾ അപേക്ഷിക്കേണ്ടത്.

വിവിധ സൈനിക മേഖലകളിൽ അർത്ഥവത്തായ സംഭാവനകൾ നൽകാൻ കുവൈറ്റ് സ്ത്രീകൾക്ക് കഴിവുണ്ടെന്ന് നേരത്തെ സൈനിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജനറൽ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ പൈലറ്റ് സബാഹ് ജാബർ അൽ-അഹ്‌മദ് അൽ-സബാഹ് പറഞ്ഞിരുന്നു.

നേരത്തെ 2021 ഒക്ടോബറിൽ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ്, രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കുവൈറ്റ് സ്ത്രീകളെ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ അനുവദിച്ചിരുന്നെങ്കിലും തീരുമാനം പ്രതിഷേധങ്ങൾ കാരണമായിരുന്നു. തുടർന്ന് സൈന്യത്തിലെ മെഡിക്കൽ, സപ്പോർട്ട് സേവനങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ സ്‌പെഷ്യലൈസേഷനുകളിൽ മാത്രമായി വനിതകളുടെ പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു.

തുടർന്ന് മന്ത്രിക്കെതിരെ പാർലമെന്റിൽ അവിശ്വാസപ്രമേയം എത്തിയെങ്കിലും പ്രമേയം പരാജയപ്പെട്ടു. എന്നാൽ പിന്നീട് ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് രാജി സമർപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/287268/kuwait-army-now-allow-women-join-guidelines-released)