---
title: "ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "A Malayalee who was undergoing treatment at a hospital in Bahrain died due to illness."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/28815/a-malayalee-who-was-undergoing-treatment-at-a-hospital-in-bahrain-died-due-to-illness"
published_at: "2022-02-27T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ba2b70326e_DEATH.jpg"
keywords: []
---

# ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **മനാമ: **അസുഖ ബാധിതനായി ബഹ്റൈനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം പാറശാല പാലിയോട് സ്വദേശി ജസ്റ്റിന്‍ രാജ് ആണ് മരിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്.

## Article Content

**മനാമ: **അസുഖ ബാധിതനായി ബഹ്റൈനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം പാറശാല പാലിയോട് സ്വദേശി ജസ്റ്റിന്‍ രാജ് ആണ് മരിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്.

കണ്‍സ്‍ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്‍തു വരികയായിരുന്നു. വിട്ടുമാറാത്ത പനിയും തലവേദനയും ബാധിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിന്‍ രാജ് ചികിത്സ തേടിയത്. സല്‍മാനിയ ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ അദ്ദേഹത്തിന് ടി.ബിയാണെന്ന് സ്ഥിരീകരിച്ചു.

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിവരികയായിരുന്നു. കൂടാതെ തലയില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്‍ത്രക്രിയക്കും വിധേയനാക്കേണ്ടി വന്നു. ഇതിന് ശേഷം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ജസ്റ്റിന്‍ രാജിന്റെ അവസ്ഥ മനസിലാക്കിയ ഹോപ് ബഹ്റൈന്‍ പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ബഹ്റൈന്‍‌ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ വെച്ച് ജസ്റ്റിന്റെ ഭാര്യ അജിത, അദ്ദേഹത്തിന്റെ അവസ്ഥ അംബാസഡറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അംബാസഡര്‍ അറിയിക്കുകയും ചെയ്‍തു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിയോഗം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സ്‍നേഹ, സ്‍നേഹിത്ത് എന്നിവരാണ് മക്കള്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/28815/a-malayalee-who-was-undergoing-treatment-at-a-hospital-in-bahrain-died-due-to-illness)