കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ ബാങ്ക് വായ്പ തട്ടിപ്പില്‍ നിരവധി മലയാളികൾക്ക് പണം നഷ്ടമായി. പ്രവാസികൾക്ക് വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശയിൽ വായ്പ നൽകുമെന്ന സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാഗ്ദാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. ഹാക്ക് ചെയ്ത കുവൈത്ത് വാട്ട്സാപ്പ് നമ്പറുകളും യഥാർത്ഥ ഫിനാൻസ് കമ്പനിയുടെ പോലെ തോന്നിക്കുന്ന വ്യാജ വെബ്സൈറ്റും ഉപയോഗിച്ചാണ് ഈ തട്ടിപ്പു സംഘം പ്രവർത്തിക്കുന്നത്.
മലയാളികളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. വളരെ മാന്യമായ സംസാരവും ആരെയും എളുപ്പത്തിൽ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റവുമാണ് ഇവരുടെ രീതി. ഇത് വിശ്വസിക്കുന്ന ആളുകളാണ് തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ വീഴുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വായ്പ ഓഫറുകൾ പ്രചരിപ്പിക്കുന്ന ഇവര്‍ കുവൈത്തിലെ ഒരു പ്രശസ്ത ഫിനാൻസ് കമ്പനിയുടെ പേരിലാണ് ആളുകളെ ബന്ധപ്പെടുന്നത്. ഈ കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു വ്യാജ വെബ്സൈറ്റും തട്ടിപ്പിനായി ഇവര്‍ ഉപയോഗിക്കുന്നുണ്ട്.
വായ്പക്കായി ഒരു ഫോം പൂരിപ്പിച്ചു നൽകിയാൽ മാത്രം മതിയെന്നും നേരിട്ട് ഓഫീസിൽ എത്തുകയോ ഏതെങ്കിലും രേഖയുടെയോ ആവശ്യമില്ലെന്നും ഇവര്‍ ആളുകളോട് പറയുന്നു. തുടർന്ന് വായ്പ അനുവദിക്കപ്പെട്ടുവെന്നും നിങ്ങളുടെ നാട്ടിലെ അക്കൗണ്ടിലേക്ക് പണം അയച്ചപ്പോൾ അക്കൗണ്ടിൽ ക്രെഡിറ്റ് ആയില്ലെന്നും പണം ഫ്രീസായെന്നും അതിനാൽ ഒരു നിശ്ചിത സംഖ്യ അടച്ചാൽ മാത്രമേ ലോൺ തുക വീണ്ടും അക്കൗണ്ടിലേക്ക് അയക്കുകയുള്ളുവെന്നും പറഞ്ഞ് ആളുകള വിശ്വസിപ്പിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്‍റെ രീതി.
ഇത്തരത്തില്‍ 1000 ദിനാറോളം വായ്പ അപേക്ഷിച്ചവരുടെ പക്കൽ നിന്നും നൂറും ഇരുന്നൂറും ദിനാർ ഈടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഇരയായവരിൽ ഭൂരിഭാഗം പേരും ഗാർഹിക തൊഴിലാളികളും സ്ത്രീകളുമാണ്. തട്ടിപ്പ് നടത്തുന്നവർ മലയാളികളാണ്. ഇവർ കുവൈത്തിന് പുറത്തു നിന്നാണ് ആളുകളെ ബന്ധപ്പെടുന്നതെന്നാണ് വിവരം.
Many Malayalis lost money bank loan scam Kuwait.