---
title: "എക്‌സ്‌പോ 2020; പവലിയനുകളുടെ പ്രവര്‍ത്തന സമയം നീട്ടി"
english_title: "Expo 2020; The working hours of the pavilions were extended"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/29252/expo-2020-the-working-hours-of-the-pavilions-were-extended"
published_at: "2022-03-02T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ed564cb78f_expo.jpg"
keywords: []
---

# എക്‌സ്‌പോ 2020; പവലിയനുകളുടെ പ്രവര്‍ത്തന സമയം നീട്ടി

> **Lead Summary:** **ദുബൈ : **എക്‌സ്‌പോ 2020 ദുബൈയിലെ പവലിയനുകളുടെ പ്രവര്‍ത്തന സമയം രാത്രി 11 മണി വരെ നീട്ടി. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ ഒരു മണിക്കൂര്‍ കൂടുതല്‍ എക്‌സ്‌പോയില്‍ ചെലവഴിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

## Article Content

**ദുബൈ : **എക്‌സ്‌പോ 2020 ദുബൈയിലെ പവലിയനുകളുടെ പ്രവര്‍ത്തന സമയം രാത്രി 11 മണി വരെ നീട്ടി. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ ഒരു മണിക്കൂര്‍ കൂടുതല്‍ എക്‌സ്‌പോയില്‍ ചെലവഴിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

അതേസമയം ഫെബ്രുവരി 28 വരെ മെഗാ ഇവന്റില്‍ ഏകദേശം 16 ദശലക്ഷം സന്ദര്‍ശകര്‍ എത്തിയെന്ന് സംഘാടകര്‍ ചൊവ്വാഴ്ച അറിയിച്ചു. എക്‌സ്‌പോ 2020 അവസാനിക്കാന്‍ 30 ദിവസം മാത്രം ശേഷിക്കെ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഫെബ്രുവരിയിലെ സന്ദര്‍ശനങ്ങളില്‍ പകുതിയും ആവര്‍ത്തിച്ചുള്ളവയായിരുന്നു. കഴിഞ്ഞ മാസം 44 ലക്ഷം സന്ദര്‍ശനങ്ങളാണ് എകസ്‌പോയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എക്‌സ്‌പോ 2020 ആരംഭിച്ച ഒക്ടോബര്‍ ഒന്നുമുതലുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്.

എക്‌സ്‌പോ 2020 സന്ദര്‍ശകര്‍ക്കായി അവതരിപ്പിച്ച പ്രത്യേക മഞ്ഞ പാസ്‌പോര്‍ട്ടില്‍ എക്‌സ്‌പോ അവസാനിക്കുന്നതിന് മുമ്പ് പരമാവധി പവലിയനുകളുടെ പേര് പതിക്കാനുള്ള ശ്രമമാണ് ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളുടെ ഒരു കാരണം.

എകസ്‌പോ തുടങ്ങിയത് മുതല്‍ ഫെബ്രുവരി വരെ രാഷ്ട്രത്തലവന്‍മാര്‍, പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മറ്റ് മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ 13,000 ഉന്നത നേതാക്കള്‍ എക്‌സ്‌പോ സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 28,000 പരിപാടികള്‍ എക്‌സ്‌പോയില്‍ സംഘടിപ്പിച്ചുണ്ട്. ഈ മാസം 31 വരെയാണ് എക്‌സ്‌പോ 2020 സന്ദര്‍ശിക്കാന്‍ അവസരമുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/29252/expo-2020-the-working-hours-of-the-pavilions-were-extended)