ദോഹ: (gcc.truevisionnews.com) ബലിപെരുന്നാൾ അവധി ദിനങ്ങളിൽ പൊതുജനാരോഗ്യ മേഖലയിലെ പ്രവർത്തന സമയം പുനഃക്രമീകരിച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്.എം.സി) ആശുപത്രികളിലെ എമർജൻസി, പീഡിയാട്രിക് എമർജൻസി സെന്ററുകൾ ഉൾപ്പെടെ എല്ലാ അടിയന്തര സേവനങ്ങളും ഇൻപേഷ്യന്റ് വിഭാഗങ്ങളും ആംബുലൻസ് സർവീസും പതിവുപോലെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
എച്ച്.എം.സിയുടെ ഒ.പി ക്ലിനിക്കുകൾ ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ അവധിയായിരിക്കും. ജൂൺ 10ന് പതിവുപോലെ പ്രവർത്തനമാരംഭിക്കും. നേരത്തേ അപോയ്മെന്റ് ലഭിച്ചവർ തീയതിയിൽ മാറ്റമുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചു. അർജന്റ് കൺസൽട്ടേഷൻ സർവിസ്, ഫാർമസി ഹോം ഡെലിവറി എന്നിവ ജൂൺ അഞ്ച് മുതൽ 10 വരെ അവധിയായിരിക്കും.
16,000 നമ്പറിലെ നാഷനൽ മെന്റൽ ഹെൽത്ത് ഹെൽപ് ലൈൻ സേവനം ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് ആറു വരെ പ്രവർത്തിക്കും. വനിതാ വെൽനസ് ആൻഡ് റിസർച്ച് സെന്ററിൽ സ്ഥിതി ചെയ്യുന്ന പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ജനന രജിസ്ട്രേഷൻ ഓഫീസ് വെള്ളി, ശനി ദിവസങ്ങൾ ഒഴികെയുള്ള ഈദ് അവധി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും.
എച്ച്.എം.സിക്കു കീഴിലെ രക്തദാന കേന്ദ്രം പെരുന്നാൾ ദിനമായ വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിയായിരിക്കും. ജൂൺ അഞ്ച് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ രാത്രി 10 വരെയും, എട്ട്, ഒമ്പത് തീയതികളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയും പ്രവർത്തിക്കും.
പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന് (പിഎച്ച്സിസി) കീഴിലെ 20 ഹെൽത്ത് സെന്ററുകൾ അവധി ദിനങ്ങളിലും പ്രവർത്തിക്കും.16000 നമ്പറിലുള്ള ഖത്തർ ഹെൽത്ത് കെയർ യൂണിഫൈഡ് കോൺടാക്റ്റ് സെന്റർ എല്ലാ അവധി ദിനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Eid al Adha holiday Updated operating hours health centers Qatar announced