---
title: "‘പറക്കും സേവനം’: മരുന്നും ഭക്ഷണവും പറന്ന് വരും, അബുദാബിയിൽ ഡ്രോൺ ഡെലിവറി പരീക്ഷണ പറക്കൽ വിജയകരം"
english_title: "abu dhabi drone delivery medicine"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/298607/abu-dhabi-drone-delivery-medicine"
published_at: "2025-06-26T13:07:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cf9afe9fe2_gfhfghfg.jpg"
keywords: []
---

# ‘പറക്കും സേവനം’: മരുന്നും ഭക്ഷണവും പറന്ന് വരും, അബുദാബിയിൽ ഡ്രോൺ ഡെലിവറി പരീക്ഷണ പറക്കൽ വിജയകരം

> **Lead Summary:** **അബുദാബി: [ **മരുന്നും ഭക്ഷണവും ഉൾപ്പെടെ അവശ്യവസ്തുക്കൾ അതിവേഗം എത്തിക്കുന്ന ഡ്രോൺ ഡെലിവറി സേവനത്തിന്റെ പരീക്ഷണ പറക്കൽ അബുദാബിയിൽ വിജയകരം. നൂതന ഗതാഗത സാങ്കേതികവിദ്യയിലൂടെ ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പരീക്ഷണം ലക്ഷ്യം കണ്ടതോടെ ഡ്രോൺ പാഴ്സൽ ഡെലിവറി സേവനം തലസ്ഥാന നഗരിയിൽ വൈകാതെ തുടങ്ങും.

## Article Content

**അബുദാബി: [ **മരുന്നും ഭക്ഷണവും ഉൾപ്പെടെ അവശ്യവസ്തുക്കൾ അതിവേഗം എത്തിക്കുന്ന ഡ്രോൺ ഡെലിവറി സേവനത്തിന്റെ പരീക്ഷണ പറക്കൽ അബുദാബിയിൽ വിജയകരം. നൂതന ഗതാഗത സാങ്കേതികവിദ്യയിലൂടെ ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പരീക്ഷണം ലക്ഷ്യം കണ്ടതോടെ ഡ്രോൺ പാഴ്സൽ ഡെലിവറി സേവനം തലസ്ഥാന നഗരിയിൽ വൈകാതെ തുടങ്ങും.

ഖലീഫ സിറ്റിയിലെ പോസ്റ്റ് ഓഫിസിൽനിന്ന് പാക്കേജ് സ്വീകരിച്ച് നിമിഷ നേരംകൊണ്ട് സ്വയംനിയന്ത്രിത ഡ്രോൺ ലക്ഷ്യത്തിലെത്തി ഡെലിവറി ചെയ്തു മടങ്ങി. നൂതന ഗതാഗത രീതികൾ ഡെലിവറി സമയവും ചെലവും കുറയ്ക്കുമെന്നു മാത്രമല്ല കൂടുതൽ പേർക്ക് സേവനം എത്തിക്കാനും സാധിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം ഡിവിഷൻ ഡയറക്ടർ ഹുമൈദ് സബർ അൽ ഹമേലി പറഞ്ഞു.

അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ്, ഏവിയേഷൻ ടെക്നോളജി കമ്പനി, എമിറേറ്റ്സ് പോസ്റ്റ്, എക്സ്പ്രസ് ഡെലിവറി കമ്പനി ഇഎംഎക്സ് എന്നിവ ഉൾപ്പെടുന്ന നിക്ഷേപ ഹോൾഡിങ് ഗ്രൂപ്പായ 7 എക്സിന്റെ പങ്കാളിത്തത്തോടെയായിരുന്നു പരീക്ഷണം. ഒരു ഡ്രോണിന് ഒരേ സമയം ഒന്നിലധികം ഡെലിവറികൾ കൈകാര്യം ചെയ്യാൻ കഴിയുന്നതിനാൽ ലോജിസ്റ്റിക് ശൃംഖലയ്ക്ക് മുതൽകൂട്ടാകും ഈ ആകാശ സേവനം.

രാജ്യത്തിന്റെ സ്മാർട്ട് മൊബിലിറ്റി ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്ന പുതിയ സേവനം ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും സംയോജിത ഗതാഗത കേന്ദ്രത്തിന്റെയും പിന്തുണയോടെ വിപുലീകരിച്ച് കാർബൺ മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിടുന്നു. 2024 ഡിസംബറിൽ ദുബായിൽ ഈ സേവനം ആരംഭിച്ചിരുന്നു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഡ്രോൺ ഡെലിവറി സേവനം ഉദ്ഘാടനം ചെയ്തത്.ദുബായ് സിലിക്കൺ ഒയാസിസിൽ ഭക്ഷണവും മരുന്നും എത്തിക്കുന്ന കീറ്റ ഡ്രോണിന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ലൈസൻസും നൽകിയിരുന്നു.

സെക്കൻഡിൽ 22 മീറ്റർ വേഗത്തിൽ 3 കിലോമീറ്റർ വരെ സഞ്ചരിച്ച് സാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യാൻ ഡ്രോണുകൾക്ക് സാധിക്കും. ഡ്രോൺ ഡെലിവറിയിലൂടെ സുപ്രധാന നാഴികക്കല്ലാണ് ദുബായ് പിന്നിട്ടത്. 2030ഓടെ ദുബായിൽ ഡ്രോൺ ഡെലിവറി 33 ശതമാനമാക്കി ഉയർത്താനാണ് പദ്ധതി.

ഡ്രോണുകൾ, ഡ്രൈവറില്ലാ ടാക്സികൾ, എയർ ടാക്സികൾ എന്നിവ ഉൾപ്പെടെ നവീന ഗതാഗത പദ്ധതികളുമായി യുഎഇ കുതിക്കുകയാണ്. പറക്കും ടാക്സികളുടെ പരീക്ഷണവും അബുദാബിയിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വർഷാവസാനത്തോടെ പറക്കും ടാക്സി സേവനം അബുദാബിയിൽ ആരംഭിക്കാനാണ് പദ്ധതി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/298607/abu-dhabi-drone-delivery-medicine)