---
title: "ശാസ്ത്ര സാങ്കേതിക മേഖലകളില്‍ സഹകരിക്കാന്‍ ഒരുങ്ങി യുഎഇയും ഇസ്രയേലും"
english_title: "UAE and Israel ready to cooperate in science and technology"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/30/uae-and-israel-ready-to-cooperate-in-science-and-technology"
published_at: "2021-09-17T11:57:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614435b983a1b_Untitled-2.jpg"
keywords: []
---

# ശാസ്ത്ര സാങ്കേതിക മേഖലകളില്‍ സഹകരിക്കാന്‍ ഒരുങ്ങി യുഎഇയും ഇസ്രയേലും

> **Lead Summary:** **ദുബായ് : **ശാസ്ത്ര-സാങ്കേതിക മേഖലകളിൽ യുഎഇയും ഇസ്രയേലും കൂടുതൽ സഹകരിക്കും. കാർഷിക, ആരോഗ്യ മേഖലകളിലെയും മറ്റും പുതിയ വെല്ലുവിളികൾ നേരിടാൻ സാങ്കേതിക മികവുകൾ വർധിപ്പിക്കും.

## Article Content

**ദുബായ് : **ശാസ്ത്ര-സാങ്കേതിക മേഖലകളിൽ യുഎഇയും ഇസ്രയേലും കൂടുതൽ സഹകരിക്കും. കാർഷിക, ആരോഗ്യ മേഖലകളിലെയും മറ്റും പുതിയ വെല്ലുവിളികൾ നേരിടാൻ സാങ്കേതിക മികവുകൾ വർധിപ്പിക്കും.

നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികൾക്കു രൂപം നൽകുന്നതും സഹകരണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ഉന്നതല യോഗത്തിൽ ചർച്ച ചെയ്തു. ചരിത്രത്തിലാദ്യമായി കഴിഞ്ഞവർഷം സെപ്റ്റംബർ 15നാണ് ഇസ്രയേൽ-യുഎഇ സൗഹൃദത്തിനു തുടക്കമായത്.

10 വർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കാനാണ് തീരുമാനം. ജലം, കാർഷികം, ആരോഗ്യം, വ്യവസായം, വൈജ്ഞാനികം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ അവസരങ്ങളുണ്ടെന്നും ഭാവിയിലെ സാധ്യതകൾ കണ്ടെത്താനും ഉപയോഗപ്പെടുത്താനും എക്സ്പോ അവസരമൊരുക്കുമെന്നും ശാസ്ത്ര സഹമന്ത്രി സാറ ബിൻത് യൂസഫ് അൽ അമീരി വെർച്വൽ യോഗത്തിൽ ചൂണ്ടിക്കാട്ടി.ഇസ്രയേൽ ശാസ്ത്ര-സാങ്കേതിക മന്ത്രി ഒറിറ്റ് ഫർകാഷും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

നിർമിതബുദ്ധി, ആരോഗ്യം, അഗ്രിടെക്, ഊർജം, ജലം തുടങ്ങിയ മേഖലകളിലെ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചകളും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു.മരുഭൂമിയിലെ കാർഷികമേഖല നേരിടുന്ന ഒട്ടേറെ വെല്ലുവിളികൾക്കു പരിഹാരം കാണാൻ ഇസ്രയേൽ സാങ്കേതിക വിദ്യകൾക്ക് കഴിയുമെന്നാണു പ്രതീക്ഷ.

വെള്ളം പാഴാകാതിരിക്കാനുള്ള തുള്ളിനന രീതിയടക്കമുള്ള സാങ്കേതിക വിദ്യകളിൽ ബഹുദൂരം മുന്നിലാണ്. മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. ഈ മേഖലയിൽ യുഎഇയും ബഹുദൂരം മുന്നേറിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/30/uae-and-israel-ready-to-cooperate-in-science-and-technology)