---
title: "`അടിച്ചു മോനേ...!' , പ്രവാസി മലയാളിക്ക് അബുദാബി ബി​ഗ് ടിക്കറ്റ് സമ്മാനം"
english_title: "abudhabi big ticket prize expatriate malayali"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/300034/abudhabi-big-ticket-prize-expatriate-malayali"
published_at: "2025-07-02T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864e952d8e8a_gcc.jpg"
keywords: []
---

# `അടിച്ചു മോനേ...!' , പ്രവാസി മലയാളിക്ക് അബുദാബി ബി​ഗ് ടിക്കറ്റ് സമ്മാനം

> **Lead Summary:** **അബുദാബി: അ**ബുദാബി ബി​ഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. 20 വർഷത്തെ കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും ഫലമാണ് മലയാളിയായ എബിസൺ ജേക്കബിനെ തേടിയെത്തിയിരിക്കുന്നത്. ബി​ഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ 150,000 ദിർഹമാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. അൽ ഐനിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിൽ സർവേയറായാണ് 46കാരനായ എബിസൺ ജോലി ചെയ്തുവരുന്നത്. 2004 മുതൽ യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി ബി​ഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്.

## Article Content

**അബുദാബി: അ**ബുദാബി ബി​ഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. 20 വർഷത്തെ കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും ഫലമാണ് മലയാളിയായ എബിസൺ ജേക്കബിനെ തേടിയെത്തിയിരിക്കുന്നത്. ബി​ഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ 150,000 ദിർഹമാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. അൽ ഐനിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിൽ സർവേയറായാണ് 46കാരനായ എബിസൺ ജോലി ചെയ്തുവരുന്നത്. 2004 മുതൽ യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി ബി​ഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്.

204700 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. തന്റെ സുഹൃത്തുക്കളും സഹ പ്രവർത്തകരുമായ 11 പേരോടൊപ്പമാണ് എബിസൺ ടിക്കറ്റെടുത്തത്. സമ്മാനത്തിന് അർഹനായ വിവരം പരിപാടി അവതാരകനായ റിച്ചാർഡ് ആണ് പ്രഖ്യാപിച്ചത്. `ബി​ഗ് ടിക്കറ്റിൽ വിജയിയായെന്ന് അറിയിച്ചുകൊണ്ട് കോൾ വന്നിരുന്നു. റിച്ചാർഡ് ആണ് വിളിച്ചത്. ആദ്യം തട്ടിപ്പാണെന്നാണ് കരുതിയത്. സത്യം അറിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല'- എബിൻസൺ പറയുന്നു.

നറുക്കെടുപ്പ് ജൂലൈ 3ന് ആണെന്നാണ് കരുതിയത്. പ്രതിവാര നറുക്കെടുപ്പ് തീയതിയും ബി​ഗ് ടിക്കറ്റ് ​ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിന്റെ തീയതിയും മാറിപ്പോയി. എന്തായാലും സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായെന്നും അദ്ദേഹം പറഞ്ഞു.

കഴി‍‍ഞ്ഞ 20 വർഷമായി എബിൻസൺ ഭാ​ഗ്യപരീക്ഷണം നടത്തുന്നുണ്ട്. സമ്മാനം കിട്ടിയതിൽ ഒരുപാട് സന്തോഷമായി. ഇത് അപ്രതീക്ഷിതമാണ്. പറയാൻ വാക്കുകളില്ലാതെ എബിൻസൺ വിതുമ്പി. സമ്മാനത്തുക 12 പേരും ചേർന്ന് തുല്ല്യമായി വീതിക്കും. ഇനിയും ടിക്കറ്റുകൾ വാങ്ങിക്കുന്നത് തുടരും, എന്നെങ്കിലും ഒരിക്കൽ ​ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് അബുദാബി ബി​ഗ് ടിക്കറ്റ് ​ഗ്രാൻഡ് പ്രൈസിനുള്ള നറുക്കെടുപ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/300034/abudhabi-big-ticket-prize-expatriate-malayali)