---
title: "ബത്​ഹയിൽ മലയാളി ഡ്രൈവർക്ക് നേരെ കത്തി കാണിച്ച് ഭീഷണി; തലയ്ക്കടിച്ച് പണമടങ്ങിയ പഴ്സ് പിടിച്ചുപറിച്ചു"
english_title: "Malayali driver was threatened with a knife in Batha wallet containing money was snatched"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306106/malayali-driver-was-threatened-with-a-knife-in-batha-wallet-containing-money-was-snatched"
published_at: "2025-08-02T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688df587758c3_POLICE.jpg"
keywords: []
---

# ബത്​ഹയിൽ മലയാളി ഡ്രൈവർക്ക് നേരെ കത്തി കാണിച്ച് ഭീഷണി; തലയ്ക്കടിച്ച് പണമടങ്ങിയ പഴ്സ് പിടിച്ചുപറിച്ചു

> **Lead Summary:** **റിയാദ്: **ബത്​ഹയിൽ മലയാളി ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും കത്തിയുടെ പിൻഭാഗം കൊണ്ട്​ തലക്കടിച്ച് കൊള്ളയടിക്കുകയും ചെയ്തു. ബാങ്ക് കാർഡ്​, ഇഖാമയും പണവുമടങ്ങിയ പഴ്സ് പിടിച്ചുപറിച്ചു. റിയാദിൽ നാഷനൽ കോൺട്രാക്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന രാജേഷ് പുഴക്കരയാണ് വെള്ളിയാഴ്​ച ഉച്ചക്ക്​ ബത്​ഹയിൽ വെച്ച്​ ആക്രമിക്കപ്പെട്ടത്.

## Article Content

**റിയാദ്: **ബത്​ഹയിൽ മലയാളി ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും കത്തിയുടെ പിൻഭാഗം കൊണ്ട്​ തലക്കടിച്ച് കൊള്ളയടിക്കുകയും ചെയ്തു. ബാങ്ക് കാർഡ്​, ഇഖാമയും പണവുമടങ്ങിയ പഴ്സ് പിടിച്ചുപറിച്ചു. റിയാദിൽ നാഷനൽ കോൺട്രാക്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന രാജേഷ് പുഴക്കരയാണ് വെള്ളിയാഴ്​ച ഉച്ചക്ക്​ ബത്​ഹയിൽ വെച്ച്​ ആക്രമിക്കപ്പെട്ടത്.

വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങുന്നതിനിടയിൽ ആഫ്രിക്കൻ വംശജരെന്ന് തോന്നിക്കുന്ന രണ്ടുപേർ മൂർച്ചയുള്ള നീണ്ട കത്തി കഴുത്തിൽ വെച്ച്​ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന ഇഖാമയും ബാങ്ക് കാർഡുമടങ്ങുന്ന പഴ്സ് ബലമായി തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. വാരാന്ത്യ ഷോപ്പിങ്​ നടത്തുന്നതിന് വേണ്ടി തൊഴിലാളികളെയും കൊണ്ട് ബത്​ഹയിൽ എത്തിയതായിരുന്നു രാജേഷ്.

പഴ്സിൽ ഉണ്ടായിരുന്ന മറ്റു പേപ്പറുകളും 350 റിയാലും ആക്രമികൾ കൊണ്ടുപോയി. ആക്രമണം തടുക്കാൻ ശ്രമിച്ചപ്പോൾ ആക്രമികൾ കത്തിയുടെ പിൻഭാഗം വെച്ച് രാജേഷി​ന്റെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു. ബോധരഹിതനായി വീഴുന്നതിനിടയിൽ അലറി വിളിച്ചപ്പോൾ ആളുകൾ ഓടി വരുന്നത് കണ്ട് ആക്രമികൾ ഓടിരക്ഷപ്പെടുകയാണ് ഉണ്ടായത്. പിടിവലിക്കിടയിൽ രാജേഷിന്റെ കൈയ്യിൽ ഉണ്ടായിരുന്ന ഫോൺ വാഹനത്തിന്റെ അടിയിലേക്ക് തെറിച്ചുവീണതിനാൽ അത്​ നഷ്​ടപ്പെട്ടില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306106/malayali-driver-was-threatened-with-a-knife-in-batha-wallet-containing-money-was-snatched)