---
title: "ഒമാനില്‍ ഇനി ശമ്പള കൈമാറ്റം ഡബ്ല്യപിഎസ് വഴി; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ"
english_title: "Ministry of Labor has issued new guidelines for salary transfers in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308548/ministry-of-labor-has-issued-new-guidelines-for-salary-transfers-in-oman"
published_at: "2025-08-14T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dde0265550_salary.jpg"
keywords: []
---

# ഒമാനില്‍ ഇനി ശമ്പള കൈമാറ്റം ഡബ്ല്യപിഎസ് വഴി; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ

> **Lead Summary:** മസ്‌കത്ത്: ഒമാനില്‍ ശമ്പളം കൈമാറുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തൊഴില്‍ മന്ത്രാലയം. വേതന സംരക്ഷണ സംവിധാനം (ഡബ്ല്യപിഎസ്) വഴി ശമ്പളം കൈമാറുന്നതിനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഈ മാർഗ നിർദ്ദേശങ്ങളനുസരിച്ച് മാത്രമേ ശമ്പളം കൈമാറാവൂ എന്നും സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ കുറഞ്ഞത് 75 ശതമാനം പേരുടെ വേതനം, വേതന സംരക്ഷണ സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യണമെന്നും പുതിയ ഉത്തരവില്‍ മന്ത്രലയം വ്യക്തമാക്കി.

## Article Content

മസ്‌കത്ത്: ഒമാനില്‍ ശമ്പളം കൈമാറുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തൊഴില്‍ മന്ത്രാലയം. വേതന സംരക്ഷണ സംവിധാനം (ഡബ്ല്യപിഎസ്) വഴി ശമ്പളം കൈമാറുന്നതിനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഈ മാർഗ നിർദ്ദേശങ്ങളനുസരിച്ച് മാത്രമേ ശമ്പളം കൈമാറാവൂ എന്നും സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ കുറഞ്ഞത് 75 ശതമാനം പേരുടെ വേതനം, വേതന സംരക്ഷണ സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യണമെന്നും പുതിയ ഉത്തരവില്‍ മന്ത്രലയം വ്യക്തമാക്കി.

അടുത്ത മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതായത് സെപ്റ്റംബറിലെ ശമ്പളം ഒക്ടോബറില്‍ വിതരണം ചെയ്യുമ്പോള്‍ ഈ രീതിയാണ് പിന്തുടരേണ്ടത്. പിന്നീട് സ്ഥാപനത്തിലെ 90 ശതമാനം പേരുടെ വേതനവും ഡബ്ല്യപിഎസ് വഴി ആക്കണം. നവംബറിലെ വേതനം ഡിസംബര്‍ മുതല്‍ ഇങ്ങനെയാണ് നല്‍കേണ്ടതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.  തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിനും, വേതനം കൈമാറുന്നതില്‍ സുതാര്യത ഉറപ്പാക്കുന്നതിനും, സാമ്പത്തിക പിഴകളിലേക്ക് നയിച്ചേക്കാവുന്ന ലംഘനങ്ങള്‍ തടയുന്നതിനും ലക്ഷ്യം വച്ചാണ് ഈ പരിഷ്‌കരണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

തൊഴില്‍ വിപണിയില്‍ സുതാര്യത വര്‍ധിപ്പിക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഡബ്ല്യുപിഎസ് സംവിധാനം ഗുണകരമാവുകയാണ്. ശമ്പളത്തില്‍ കൃത്യത വരുത്താത്ത കമ്പനികള്‍ക്ക് പിഴ ചുമത്തുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് കാലതാമസം കൂടാതെ ബാങ്ക് വഴി തന്നെ വേതനം ലഭ്യമാക്കുകയാണ് സ്ഥാപനങ്ങള്‍.

തൊഴില്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം മുതലാണ് വേതന സംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രാബല്യത്തില്‍ വരുത്തിയത്. ഡബ്ല്യുപിഎസ് വഴി ശമ്പളം നല്‍കാത്തതുമായി ബന്ധപ്പെട്ട് പല സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പിഴ ലഭിക്കുന്ന സാഹചര്യത്തില്‍ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള അംഗീകരിച്ച കരാറുകളുടെ നിബന്ധനകള്‍ക്ക് അനുസൃതമായി വേതനം സമയബന്ധിതമായി നല്‍കുന്നത് ഉറപ്പാക്കുക, ന്യായവും സുസ്ഥിരവുമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. വിവിധ ഘട്ടങ്ങളിലായി ഇത് നടപ്പിലാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് മതിയായ സമയവും ഇതിനോടകം അനുവദിച്ചിട്ടുണ്ട്.

ഡബ്ല്യുപിഎസുമായി ബന്ധപ്പെട്ട ഏതൊരു സംശയങ്ങള്‍ക്കും മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. തൊഴിലാളികളുടെ വേതനം, നിശ്ചിത തൊഴില്‍ കാലയളവ് പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ വഴി കൈമാറണമെന്ന് മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

ഡബ്ല്യുപിഎസ് വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കില്‍ 50 റിയാലാണ് പിഴ ചുമത്തുന്നത്. ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആദ്യം മുന്നറിയിപ്പും പ്രാരംഭ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന സേവനവും താത്കാലികമായി നിര്‍ത്തിവയ്ക്കും. പിന്നീട് പിഴ ചുമത്തും. തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ഇരട്ടിയാക്കുകയും ചെയ്യും. തൊഴിലാളികളുടെ വേതനത്തില്‍ എന്തെങ്കിലും മാറ്റം വരുമ്പോള്‍ തൊഴിലുടമ മന്ത്രാലയവുമായുള്ള തൊഴില്‍ കരാറുകള്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം.

ഇതിനിടെ ഡബ്ല്യുപിഎസില്‍ റജിസ്റ്റര്‍ ചെയ്യുന്നതിലോ നടപ്പാക്കുന്നതിലോ വീഴ്ച വരുത്തിയ 186,817 സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു. വലിയ വീഴ്ചകളുണ്ടായ 57,396 സ്ഥാപനങ്ങള്‍ക്ക് നേരിട്ടും മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് 24,000 പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഇതില്‍ 13,000 പരാതികളും വേതനവുമായി ബന്ധപ്പെട്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308548/ministry-of-labor-has-issued-new-guidelines-for-salary-transfers-in-oman)