---
title: "ഏജൻ്റുമാരുടെ ചൂഷണ വലയിൽ വീഴരുത്: ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും"
english_title: "Indian Consulate in Dubai will repatriate the bodies of expatriates free of charge"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/310194/indian-consulate-in-dubai-will-repatriate-the-bodies-of-expatriates-free-of-charge"
published_at: "2025-08-22T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a80930a6538_sd.jpg"
keywords: []
---

# ഏജൻ്റുമാരുടെ ചൂഷണ വലയിൽ വീഴരുത്: ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

> **Lead Summary:** **ദുബായ് :[**[ ] പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ഉയർന്ന ഫീസ് ഈടാക്കുന്ന ഏജന്റുമാരുടെ വലയിൽ വീഴരുതെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. മൃതദേഹം നാട്ടിൽ എത്തിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. തൊഴിലുടമയോ സ്പോൺസറോ ഇല്ലാത്ത സാഹചര്യത്തിൽ, പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് എല്ലാ സഹായങ്ങളും നൽകും.

## Article Content

**ദുബായ് :[**[ ] പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ഉയർന്ന ഫീസ് ഈടാക്കുന്ന ഏജന്റുമാരുടെ വലയിൽ വീഴരുതെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. മൃതദേഹം നാട്ടിൽ എത്തിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. തൊഴിലുടമയോ സ്പോൺസറോ ഇല്ലാത്ത സാഹചര്യത്തിൽ, പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് എല്ലാ സഹായങ്ങളും നൽകും.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനു മരിച്ചയാളുടെ ബന്ധുക്കൾ പണം നൽകണമെന്ന് നിബന്ധനയില്ല. കോൺസുലേറ്റ് അംഗീകരിച്ചിരിക്കുന്ന ഇന്ത്യൻ പ്രവാസി സംഘടനകളുടെ സഹായത്തോടെയാകും മൃതദേഹം നാട്ടിൽ എത്തിക്കുക. ഇന്ത്യൻ സംഘടനകളുടെ ഒരു പാനൽ ഇതിനായി തയാറാക്കി.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് സംബന്ധിച്ചു ഇന്ത്യൻ ഭരണകൂടം പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു. യുഎഇ നിയമപ്രകാരം, ജീവനക്കാരൻ മരിച്ചാൽ, മൃതദേഹം മാതൃരാജ്യത്ത് എത്തിക്കുന്നതിന്റെ മുഴുവൻ ചെലവും കമ്പനി ഉടമ വഹിക്കണം. അതിനു സ്പോൺസർ ബാധ്യസ്ഥരാണ്. സ്പോൺസർ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമാണ്, മൃതദേഹം നാട്ടിലെത്തിക്കാൻ മറ്റുള്ളവരുടെ സഹായം വേണ്ട വരുന്നത്.

അത്തരം സാഹചര്യത്തിൽ കോൺസുലേറ്റിനെ നേരിട്ടു ബന്ധപ്പെടാമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു. കോൺസുലേറ്റിന്റെ വെബ്സൈറ്റിൽ https:www.cgidubai.gov.In/content/Assistance-Procedure.Docx_1.Pdf എന്ന ലിങ്കിലോ 00971 507347676 എന്ന മൊബൈൽ നമ്പരിലോ ടോൾ ഫ്രീ നമ്പറിലോ 80046342 വിളിച്ചു സഹായം തേടാം.

മൃതദേഹം നാട്ടിലെത്തിക്കാൻ ചില വ്യാജ ഏജന്റുമാർ വൻ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ അറിയിപ്പ്. മരണമുണ്ടായാൽ, തട്ടിപ്പുകാർ എത്തി മൃതദേഹവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഏറ്റെടുക്കും. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന്റെയും മരിച്ചയാളുടെ ഓഫിസുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കുന്നതിന്റെയും ഇൻഷുറൻസ് തുക കൈപ്പറ്റുന്നതിന്റെയും അടക്കം ചുമതല വീട്ടുകാരിൽ നിന്ന് എഴുതി വാങ്ങും.

നാട്ടിലുള്ളവർക്ക് യുഎഇയിലെ നടപടി ക്രമങ്ങൾ അറിയാത്തതിനാൽ പവർ ഓഫ് അറ്റോണി ഈ ഏജന്റുമാർ‍ക്ക് കൈമാറും. കഴിഞ്ഞ വർഷം നവംബറിലും ഇതു സംബന്ധിച്ച മുന്നറിയിപ്പ് കോൺസുലേറ്റ് നൽകിയിരുന്നു. എന്നിട്ടും, തട്ടിപ്പ് ഏജന്റുമാരുടെ ഇടപാട് തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/310194/indian-consulate-in-dubai-will-repatriate-the-bodies-of-expatriates-free-of-charge)