---
title: "പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; റാസൽഖൈമയിൽ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ"
english_title: "Cooking gas cylinder explosion accident Maid suffers serious burns in Ras Al Khaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315521/cooking-gas-cylinder-explosion-accident-maid-suffers-serious-burns-in-ras-al-khaimah"
published_at: "2025-09-18T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb9fd78cfb5_ffftr.jpg"
keywords: []
---

# പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; റാസൽഖൈമയിൽ വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളൽ

> **Lead Summary:** **റാസൽഖൈമ: [ ** റാസൽഖൈമ വാദി എസ്‌ഫിതയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച (സെപ്റ്റംബർ 12) റാസൽഖൈമയിൽ നിന്ന് 96 കിലോമീറ്റർ തെക്ക് നടന്ന സ്ഫോടനത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. 40 വയസ്സ് പ്രായമുള്ള ഏഷ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിക്കാണ് പരുക്കേറ്റത്.

## Article Content

**റാസൽഖൈമ: [ ** റാസൽഖൈമ വാദി എസ്‌ഫിതയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച (സെപ്റ്റംബർ 12) റാസൽഖൈമയിൽ നിന്ന് 96 കിലോമീറ്റർ തെക്ക് നടന്ന സ്ഫോടനത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. 40 വയസ്സ് പ്രായമുള്ള ഏഷ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിക്കാണ് പരുക്കേറ്റത്.

ഇവരുടെ ശരീരത്തിന്റെ ഭൂരിഭാഗത്തും രണ്ടാം-മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലാണ് ഇവർ. ശസ്ത്രക്രിയകൾ ആവശ്യമുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യം ഫുജൈറ ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും പരുക്കുകളുടെ ഗുരുതരാവസ്ഥ കാരണം പിന്നീട് ഷെയ്ഖ് ഖലീഫ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുടുംബാംഗങ്ങൾ മറ്റൊരു വീട്ടിലേക്ക് മാറിയത് കാരണം വലിയൊരു ദുരന്തം ഒഴിവായെന്ന് അപകടം നടന്ന വീട്ടിലെ താമസക്കാരനായ മുസബഹ് മുഹമ്മദ് അൽ ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചകളിലും പതിവുപോലെ കുടുംബം അന്തരിച്ച പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്ന സമയത്താണ് സംഭവം നടന്നത്. സന്ധ്യാസമയത്തുള്ള ബാങ്കിന്റെ സമയത്ത് താനും സഹോദരിയും പുറത്തായിരുന്നുവെന്ന് അൽ ലൈലി പറഞ്ഞു.

ആദ്യം ഞങ്ങൾ ഒരു വലിയ ശബ്ദം കേട്ടു. അതൊരു വാതിൽ കൊട്ടിയടച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ നിമിഷങ്ങൾക്കകം വീട്ടുജോലിക്കാരി ‘തീ, തീ’ എന്ന് നിലവിളിക്കുന്നത് കേട്ടു. ഞങ്ങൾ ഓടിച്ചെന്ന് നോക്കുമ്പോൾ വീട് തകർന്നു കിടക്കുന്നതാണ് കണ്ടത്. എലിയുടെ കരണ്ട് ഗ്യാസ് സിലിണ്ടറിന്റെ ട്യൂബിലുണ്ടായ ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചോർച്ചയെ തുടർന്ന് തീപിടിത്തമുണ്ടായതായും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

അടുക്കളയുടെ വാതിൽ ഏകദേശം 50 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും ഫ്രിഡ്ജും നശിച്ചു. പ്ലാസ്റ്റിക് സീലിങ് തകർന്നു. ഫാനുകളും മറ്റ് ഉപകരണങ്ങളും ചിതറിപ്പോയി. അതൊരു തീപിടിത്തം മാത്രമല്ല, എല്ലാം തകർന്നുപോയതുപോലെയുണ്ടായിരുന്നുവെന്ന് അൽ ലൈലി കൂട്ടിച്ചേർത്തു. റാസൽഖൈമ പൊലീസിലെയും സിവിൽ ഡിഫൻസിലെയും ഫയർ ഇൻവെസ്റ്റിഗേഷൻ വിദ്ഗധരും ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315521/cooking-gas-cylinder-explosion-accident-maid-suffers-serious-burns-in-ras-al-khaimah)