---
title: "നവവരനിൽ നിന്ന് പിടിച്ചെടുത്തത് 80 ഗ്രാം ലഹരിമരുന്ന്; ദുബായിൽ യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി"
english_title: "80 grams of drugs seized from newlywed Court sentences young man to prison in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/318849/80-grams-of-drugs-seized-from-newlywed-court-sentences-young-man-to-prison-in-dubai"
published_at: "2025-10-05T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e21c5627832_hhh.jpg"
keywords: []
---

# നവവരനിൽ നിന്ന് പിടിച്ചെടുത്തത് 80 ഗ്രാം ലഹരിമരുന്ന്; ദുബായിൽ യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി

> **Lead Summary:** **ദുബായ്: [ ** ലഹരിക്കടത്തു കേസിൽ പിടിയിലായ യുവാവിനു ദുബായ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. നവവരനായ 26കാരനിൽ നിന്ന് 80 ഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു. വിൽപനയ്ക്കായാണു ലഹരിമരുന്നു കൊണ്ടുവന്നതെന്ന് കണ്ടെത്തിയിരുന്നു.

## Article Content

**ദുബായ്: [ ** ലഹരിക്കടത്തു കേസിൽ പിടിയിലായ യുവാവിനു ദുബായ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. നവവരനായ 26കാരനിൽ നിന്ന് 80 ഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു. വിൽപനയ്ക്കായാണു ലഹരിമരുന്നു കൊണ്ടുവന്നതെന്ന് കണ്ടെത്തിയിരുന്നു.

മറ്റൊരു സംഭവത്തിൽ മദ്യലഹരിയിൽ വാഹനമോടിച്ച് മാരകമായ വാഹനാപകടം ഉണ്ടാക്കി ഒരാളുടെ മരണത്തിനിടയാക്കിയ കേസിൽ അറബ് യുവതിയെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു. യുവതിക്ക് 10,000 ദിർഹം പിഴ ചുമത്തിയ കോടതി, മരണപ്പെട്ടയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിർഹം (2,00,000 ദിർഹം) ദയാധനം (ബ്ലഡ് മണി) നൽകാനും ഉത്തരവിട്ടു.

അൽ ഖുദ്ര ഏരിയയിലായിരുന്നു സംഭവം. മദ്യപിച്ച ശേഷം വാഹനമോടിച്ച യുവതിക്ക് വാഹനം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തുടർന്ന് റോഡിൽ നിന്ന് വലത്തേയ്ക്ക് വെട്ടിച്ചു കയറിയ വാഹനം മറ്റൊരു കാറിൽ ഇടിച്ചു. ഈ കാർ ഒരു വഴിവിളക്കിലും പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ച ശേഷം മൂന്നാമതൊരു കാറുമായി കൂട്ടിയിടിച്ചു.

യുവതിയുടെ വാഹനം അവിടെയും നിൽക്കാതെ മുന്നോട്ടുപോയി, മൂന്ന് കാൽനട യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. പരുക്കേറ്റവരിൽ ഒരാൾ പിന്നീട് മരണത്തിന് കീഴടങ്ങി, മറ്റുള്ളവർക്ക് നിസാരവും ഗുരുതരവുമായ പരുക്കുകളേറ്റു. അപകടസമയത്ത് യുവതി മദ്യലഹരിയിലായിരുന്നു എന്ന് മെഡിക്കൽ പരിശോധനകളിൽ തെളിഞ്ഞു.

പൊലീസ് അന്വേഷണത്തിൽ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. കാൽനടയാത്രക്കാർ റോഡിന്റെ മധ്യത്തിൽ നിൽക്കുന്നത് കണ്ട് പരിഭ്രമിച്ചുപോയതാണ് അപകടത്തിന് കാരണമെന്നും യുവതി മൊഴി നൽകി. മദ്യപിച്ച് വാഹനമോടിച്ചതും വേണ്ടത്ര ശ്രദ്ധ നൽകാത്തതും മാരകമായ അപകടത്തിന് നേരിട്ട് കാരണമായതായി കോടതി കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/318849/80-grams-of-drugs-seized-from-newlywed-court-sentences-young-man-to-prison-in-dubai)