---
title: "സുപ്രധാന ചുവടുവെയ്പ്പ്; ഗതാഗതക്കുരുക്കഴിക്കാൻ 'റിയാദ് പാർക്കിംഗ് പദ്ധതി', ആദ്യഘട്ടം പൂർത്തിയായി"
english_title: "'Riyadh Parking Project' to ease traffic congestion, first phase completed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319012/riyadh-parking-project-to-ease-traffic-congestion-first-phase-completed"
published_at: "2025-10-06T11:53:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3608ba5d76_BBBBBB_.jpg"
keywords: []
---

# സുപ്രധാന ചുവടുവെയ്പ്പ്; ഗതാഗതക്കുരുക്കഴിക്കാൻ 'റിയാദ് പാർക്കിംഗ് പദ്ധതി', ആദ്യഘട്ടം പൂർത്തിയായി

> **Lead Summary:** റിയാദ്:**[ ** സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായി റിയാദിനെ ഒരു സ്മാർട്ട് സിറ്റിയാക്കി പരിവർത്തനം ചെയ്യുന്നതിനായുള്ള സുപ്രധാന ചുവടുവയ്പ്പായ റിയാദ് പാർക്കിംഗ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും താമസക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതിയാണിത്.

## Article Content

റിയാദ്:**[ ** സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായി റിയാദിനെ ഒരു സ്മാർട്ട് സിറ്റിയാക്കി പരിവർത്തനം ചെയ്യുന്നതിനായുള്ള സുപ്രധാന ചുവടുവയ്പ്പായ റിയാദ് പാർക്കിംഗ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും താമസക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതിയാണിത്.

ഈ സംയോജിത പാർക്കിംഗ് മാനേജ്‌മെൻ്റ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, പ്രധാന വാണിജ്യ തെരുവുകളിൽ 20,000-ത്തിലധികം പണം നൽകേണ്ട പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് വാണിജ്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യും. ചെറിയ ആവശ്യങ്ങൾക്കായി വരുന്ന ഉപയോക്താക്കൾക്ക് ഈ പാർക്കിംഗ് സ്ഥലങ്ങളിൽ പതിനഞ്ച് മിനിറ്റ് സൗജന്യ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ ഏരിയകളിൽ താമസക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായിമൂന്ന് ലക്ഷത്തിലധികം സൗജന്യ പാർക്കിംഗ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. വാണിജ്യ വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിലേക്ക് കടന്നുവരുന്നത് തടയാൻ ഇത് സഹായിക്കും.

അത്യാധുനിക സാങ്കേതികവിദ്യകളാണ് റിയാദ് പാർക്കിംഗ് സിസ്റ്റത്തിന് കരുത്തേകുന്നത്. പരിസ്ഥിതി സൗഹൃദപരമായ സോളാർ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് പേയ്മെൻ്റ് ഉപകരണങ്ങൾ, പാർക്കിംഗ് സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന സ്മാർട്ട് സൈനേജുകൾ എന്നിവ സംവിധാനത്തിൻ്റെ ഭാഗമാണ്.കൂടാതെ, ഓൺ-സ്ട്രീറ്റ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനും സൗജന്യ റെസിഡൻഷ്യൽ പെർമിറ്റുകൾ ഇലക്ട്രോണിക് ആയി നേടുന്നതിനും ഒരു ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്.

നഗരത്തിലെ സുപ്രധാന മേഖലകളായ അൽവുറൂദ്, റഹ്മാനിയ, അൽമുറൂജ്, അൽസുലൈമാനിയ, കിങ് ഫഹദ് എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കിയിരിക്കുന്നത്. തുടർന്നുള്ള ഘട്ടങ്ങളിൽ മറ്റ് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.

ഓൺ-സ്ട്രീറ്റ് പാർക്കിംഗിന് പുറമെ, തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഓഫ്-സ്ട്രീറ്റ് പാർക്കിംഗ് പദ്ധതിയും അധികമായി അവതരിപ്പിച്ചു. തലസ്ഥാനത്തെ ദൈനംദിന യാത്രകൾ സുഖകരമാക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും റിയാദിനെ കൂടുതൽ ചിട്ടയുള്ള നഗരമാക്കി മാറ്റുന്നതിനുമാണ് ഈ സംയോജിത സമീപനം ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319012/riyadh-parking-project-to-ease-traffic-congestion-first-phase-completed)