---
title: "പ്രവാസികൾക്ക് സന്തോഷവാർത്ത: ‘വീണ്ടും വിസ് എയർ’; അബുദാബിയിൽ സർവീസ് പുനരാരംഭിക്കുന്നു"
english_title: "Good news for expatriates: Wizz Air is back Service resumes in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319397/good-news-for-expatriates-wizz-air-is-back-service-resumes-in-abu-dhabi"
published_at: "2025-10-08T13:32:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e61ac9f2776_ghfh.jpg"
keywords: []
---

# പ്രവാസികൾക്ക് സന്തോഷവാർത്ത: ‘വീണ്ടും വിസ് എയർ’; അബുദാബിയിൽ സർവീസ് പുനരാരംഭിക്കുന്നു

> **Lead Summary:** അബുദാബി: യുഎഇയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച അൾട്രാ-ലോ-കോസ്റ്റ് കാരിയറായ വിസ് എയർ മാസങ്ങൾക്കു ശേഷം അബുദാബിയിലേക്ക് സർവീസ് പുനരാരംഭിക്കുന്നു. അടുത്ത മാസം മുതൽ വിമാനങ്ങൾ പറന്നുയരും. കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിങ് ഇപ്പോൾ ആരംഭിച്ചു.

## Article Content

അബുദാബി: യുഎഇയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച അൾട്രാ-ലോ-കോസ്റ്റ് കാരിയറായ വിസ് എയർ മാസങ്ങൾക്കു ശേഷം അബുദാബിയിലേക്ക് സർവീസ് പുനരാരംഭിക്കുന്നു. അടുത്ത മാസം മുതൽ വിമാനങ്ങൾ പറന്നുയരും. കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിങ് ഇപ്പോൾ ആരംഭിച്ചു.

വിസ് എയറിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് നവംബർ 20ന് പോളണ്ടിലെ കാറ്റോവിസ്, ക്രാക്കോവ് എന്നിവിടങ്ങളിൽ നിന്ന് യുഎഇ തലസ്ഥാനത്തേക്കുള്ള ആദ്യ വിമാനങ്ങൾ പറക്കും. ടിക്കറ്റ് നിരക്ക് 309 പോളിഷ് സ്ലോട്ടികൾ (ഏകദേശം 312 ദിർഹം) മുതലാണ് ആരംഭിക്കുന്നത്.

നേരത്തെ പ്രാദേശിക തലത്തിൽ ഉണ്ടായിരുന്ന വിസ് എയർ അബുദാബി സംയുക്ത സംരംഭം മേഖലയിലെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും റഗുലേറ്ററി പ്രശ്നങ്ങളും മറ്റ് ബജറ്റ് എയർലൈനുകളിൽ നിന്നുള്ള കടുത്ത മത്സരവും കാരണം ഈ വർഷം സെപ്റ്റംബർ ഒന്ന് മുതൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് സംയുക്ത സംരംഭത്തിൽനിന്ന് പിന്മാറി പ്രധാന മാർക്കറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിസ് എയർ തീരുമാനിച്ചു.

മധ്യപൂർവദേശത്ത് തങ്ങൾ മികച്ച യാത്രയാണ് നടത്തിയതെന്നും ഇവിടെ കെട്ടിപ്പടുത്തതിൽ അഭിമാനിക്കുന്നുവെന്നും പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമ്പോൾ വിസ് എയർ സിഇഒ ജോസഫ് വരാഡി പറഞ്ഞിരുന്നു. പോളണ്ടിൽ നിന്നുള്ള സർവീസുകൾ കൂടാതെ മറ്റ് റൂട്ടുകളിലെയും ടിക്കറ്റ് ബുക്കിങ് വിസ് എയർ ആരംഭിച്ചിട്ടുണ്ട്:

∙ബുക്കാറെസ്റ്റ് (റൊമാനിയ) - അബുദാബി: ഈ വർഷം നവംബർ 30 മുതൽ.

∙ബുഡാപെസ്റ്റ് (ഹംഗറി) - അബുദാബി: ഡിസംബർ 1 മുതൽ.

∙ലാർനക (സൈപ്രസ്) - അബുദാബി: ഡിസംബർ 14 മുതൽ.

കുറഞ്ഞ സമയത്തിനുള്ളിൽ അബുദാബിയിലേക്ക് പറക്കാൻ ഓൺലൈനിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കുകളാണിതെന്നാണ് എയർലൈൻ അവകാശപ്പെടുന്നത്. മലയാളികളടക്കമുള്ള സാധാരണക്കാരായ പ്രവാസികൾ ഇതര രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകാൻ ഈ ബജറ്റ് എയർലൈനെയാണ് ആശ്രയിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319397/good-news-for-expatriates-wizz-air-is-back-service-resumes-in-abu-dhabi)