---
title: "ശൈത്യകാല തിരക്ക്; മുന്നൊരുക്കങ്ങളുമായി ഷാർജ രാജ്യാന്തര വിമാനത്താവളം"
english_title: "Sharjah International Airport prepares for winter rush"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/333521/sharjah-international-airport-prepares-for-winter-rush"
published_at: "2025-12-28T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695136e87b8d3_sharjah.jpg"
keywords: []
---

# ശൈത്യകാല തിരക്ക്; മുന്നൊരുക്കങ്ങളുമായി ഷാർജ രാജ്യാന്തര വിമാനത്താവളം

> **Lead Summary:** **ഷാർജ:** ശൈത്യകാല അവധിയിലെ യാത്രക്കാരുടെ വർധിച്ച തിരക്ക് മുനിൽ കണ്ട് വൻ തയാറെടുപ്പുകൾ നടത്തി ഷാർജ രാജ്യാന്തര വിമാനത്താവളം. ഈ സീസണിൽ യാത്രക്കാരെ സ്വീകരിക്കാൻ പൂർണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

## Article Content

**ഷാർജ:** ശൈത്യകാല അവധിയിലെ യാത്രക്കാരുടെ വർധിച്ച തിരക്ക് മുനിൽ കണ്ട് വൻ തയാറെടുപ്പുകൾ നടത്തി ഷാർജ രാജ്യാന്തര വിമാനത്താവളം. ഈ സീസണിൽ യാത്രക്കാരെ സ്വീകരിക്കാൻ പൂർണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

യാത്രക്കാരുടെ ഒഴുക്ക് മെച്ചപ്പെടുത്താനും സേവന നിലവാരം നിലനിർത്താനുമുള്ള പ്രവർത്തന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തിച്ചേരണം.

നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലഭ്യമായ ഡിജിറ്റൽ, ഫാസ്റ്റ് ട്രാക്ക് സേവനങ്ങൾ ഉപയോഗിക്കാനും ഷാർജ വിമാനത്താവള അധികൃതർ യാത്രക്കാരോടാവശ്യപ്പെട്ടു. എയർ അറേബ്യ യാത്രക്കാർ സിറ്റി ചെക്ക് ഇൻ സേവനം പ്രയോജനപ്പെടുത്തണമെന്നും അഭ്യർഥിച്ചു.

ഇത് നടപടിക്രമങ്ങൾ മുൻകൂട്ടി പൂർത്തിയാക്കാനും, എത്തിച്ചേരുമ്പോൾ നേരിട്ട് എമിഗ്രേഷൻ പരിശോധനയിലേക്ക് പോകാനും അവരെ അനുവദിക്കുന്നു.

ഷാർജ വിമാനത്താവളത്തിൽ സെൽഫ് ചെക്ക് ഇൻ കിയോസ്‌കുകൾ, ബാഗേജ് ഡ്രോപ് സൗകര്യങ്ങൾ, സ്മാർട്ട് ഗേറ്റുകൾ, ഫാസ്റ്റ് ട്രാക്ക് ഓപ്ഷനുകൾ, ഹലാ സർവിസ് എന്നിവ ലഭ്യമാണ്. എയർ അറേബ്യ യാത്രക്കാർക്ക് പുതുതായി അവതരിപ്പിച്ച ഹോം ചെക്ക് ഇൻ സേവനവും ഉപയോഗിക്കാം.

ഡിപാർചർ മേഖലയിലേക്കുള്ള പ്രധാന കവാടത്തിൽ അൽ ദിയാഫ ലോഞ്ച് ഈയിടെ തുറന്നിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് വേഗത്തിലുള്ള നടപാടികൾ സാധ്യമാക്കാൻ പ്രവർത്തന മേഖലകളിലുടനീളം ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചു.

ശൈത്യ കാലത്ത് കാര്യക്ഷമത മെച്ചപ്പെടുത്താനും സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രവർത്തനങ്ങളെന്നും ഷാർജ വിമാനത്താവള അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/333521/sharjah-international-airport-prepares-for-winter-rush)