---
title: "സ്വകാര്യത ലംഘിച്ചു, അസഭ്യം പറഞ്ഞു; യുവതിക്ക് ആറു ലക്ഷം പിഴയിട്ട് കോടതി"
english_title: "Court fines woman Rs 6 lakh for violating privacy using obscene language"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/335103/court-fines-woman-rs-6-lakh-for-violating-privacy-using-obscene-language"
published_at: "2026-01-07T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695df806278b3_court_fine.jpg"
keywords: []
---

# സ്വകാര്യത ലംഘിച്ചു, അസഭ്യം പറഞ്ഞു; യുവതിക്ക് ആറു ലക്ഷം പിഴയിട്ട് കോടതി

> **Lead Summary:** **അബുദാബി: മ**റ്റൊരാളുടെ സ്വകാര്യത ലംഘിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവതിക്ക് 30,000 ദിർഹം (ഏകദേശം 6.75 ലക്ഷം രൂപ) പിഴ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. ഇരയായ യുവതിക്ക് മാനസികമായും വൈകാരികമായും പ്രയാസങ്ങൾ ഉണ്ടാക്കിയതിനാണ് ഈ നഷ്ടപരിഹാര തുക നൽകാൻ കോടതി ഉത്തരവിട്ടത്.

## Article Content

**അബുദാബി: മ**റ്റൊരാളുടെ സ്വകാര്യത ലംഘിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവതിക്ക് 30,000 ദിർഹം (ഏകദേശം 6.75 ലക്ഷം രൂപ) പിഴ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. ഇരയായ യുവതിക്ക് മാനസികമായും വൈകാരികമായും പ്രയാസങ്ങൾ ഉണ്ടാക്കിയതിനാണ് ഈ നഷ്ടപരിഹാര തുക നൽകാൻ കോടതി ഉത്തരവിട്ടത്.

സംഭവത്തെക്കുറിച്ച് കോടതി രേഖകൾ പറയുന്നത് ഇങ്ങനെ: തന്നെ അധിക്ഷേപിച്ചതിനും സ്വകാര്യത തകർക്കാൻ ശ്രമിച്ചതിനും എതിരാളിക്കെതിരെ പരാതിക്കാരി ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. തന്റെ അന്തസ്സിനും സൽപ്പേരിനും കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടത്.

നേരത്തെ കേസ് പരിഗണിച്ച ക്രിമിനൽ കോടതി പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തുകയും അസഭ്യം പറഞ്ഞതിന് 2,000 ദിർഹവും സ്വകാര്യത ലംഘിച്ചതിന് 10,000 ദിർഹവും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിന് പുറമെ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

പിന്നീട് അപ്പീൽ കോടതിയിൽ എത്തിയ കേസിൽ പരസ്പരബന്ധിതമായ കുറ്റകൃത്യങ്ങൾ പരിഗണിച്ച് ആകെ 10,000 ദിർഹമായി പിഴ പുനർനിശ്ചയിച്ചെങ്കിലും വിധി അന്തിമമായി തുടർന്നു. തുടർന്നാണ് സിവിൽ കോടതി നഷ്ടപരിഹാര കേസ് പരിഗണിച്ചത്. ഒരാളുടെ അന്തസ്സിനും ആത്മവിശ്വാസത്തിനും മുറിവേൽപ്പിക്കുന്നത് ഗൗരവകരമായ കാര്യമാണെന്നും അതിന് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും സിവിൽ കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഇരയായ യുവതിക്ക് 30,000 ദിർഹം നൽകാൻ കോടതി വിധിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/335103/court-fines-woman-rs-6-lakh-for-violating-privacy-using-obscene-language)