---
title: "ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാനാകില്ല, വിലക്ക് ആറു വിഭാഗങ്ങൾക്ക്"
english_title: "Those with serious health problems cannot perform Hajj six categories banned"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/335458/those-with-serious-health-problems-cannot-perform-hajj-six-categories-banned"
published_at: "2026-01-09T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696094194fd4d_hajj.jpg"
keywords: []
---

# ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാനാകില്ല, വിലക്ക് ആറു വിഭാഗങ്ങൾക്ക്

> **Lead Summary:** മക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകരുടെ സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളുമായി സൗദി അറേബ്യയുടെ ഹജ്ജ്- ഉംറ മന്ത്രാലയം. ഗുരുതരമായ ശാരീരിക- മാനസിക ആരോഗ്യപ്രശ്‌നങ്ങളുള്ള ആറ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇത്തവണ ഹജ്ജ് യാത്രയ്ക്ക് അനുമതി നല്‍കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

## Article Content

മക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകരുടെ സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളുമായി സൗദി അറേബ്യയുടെ ഹജ്ജ്- ഉംറ മന്ത്രാലയം. ഗുരുതരമായ ശാരീരിക- മാനസിക ആരോഗ്യപ്രശ്‌നങ്ങളുള്ള ആറ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇത്തവണ ഹജ്ജ് യാത്രയ്ക്ക് അനുമതി നല്‍കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ നിയന്ത്രണങ്ങള്‍ നേരത്തെയും നിലവിലുണ്ടെങ്കിലും, ഇത്രയും വ്യക്തമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്. തീര്‍ത്ഥാടന വേളയിലെ കഠിനമായ ശാരീരിക അധ്വാനവും കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം.

**യാത്രയ്ക്ക് അയോഗ്യരായ 6 പ്രധാന വിഭാഗങ്ങള്‍:**

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം താഴെ പറയുന്ന ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ലഭിക്കില്ല:

* വൃക്കരോഗികള്‍: ഡയാലിസിസ് ആവശ്യമായ വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ ഉള്ളവര്‍.

* ഹൃദ്രോഗികള്‍: ഹൃദയസ്തംഭനം (Heart Failure) ഉള്‍പ്പെടെയുള്ള ഗുരുതരമായ ഹൃദ്രോഗ ബാധിതര്‍.

* ശ്വാസകോശ രോഗങ്ങള്‍: ശ്വസനപ്രക്രിയ സുഗമമാക്കാന്‍ ഇടയ്‌ക്കോ തുടര്‍ച്ചയായോ ഓക്‌സിജന്‍ പിന്തുണ ആവശ്യമുള്ളവര്‍.

* കരള്‍ രോഗങ്ങള്‍: സിറോസിസ് (Cirrhosis) പോലുള്ള ഗുരുതരാവസ്ഥയിലുള്ള കരള്‍ രോഗികള്‍.

* അര്‍ബുദ രോഗികള്‍: നിലവില്‍ കീമോതെറപ്പി ചികിത്സയിലുള്ളവരോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരോ ആയ ക്യാന്‍സര്‍ ബാധിതര്‍.

*മാനസിക പ്രശ്‌നങ്ങളും മറവിരോഗവും: കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, അല്‍ഷിമേഴ്‌സ് അല്ലെങ്കില്‍ ഡിമെന്‍ഷ്യ തുടങ്ങിയ മറവിരോഗമുള്ളവര്‍.

**ഗര്‍ഭിണികള്‍ക്കുള്ള നിര്‍ദ്ദേശം**

യാത്രാസമയത്ത് 28 ആഴ്ച (ഏഴ് മാസം) പൂര്‍ത്തിയായ ഗര്‍ഭിണികള്‍ക്കും, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടുന്ന ഗര്‍ഭിണികള്‍ക്കും ഇത്തവണ ഹജ്ജിന് അനുമതിയുണ്ടാകില്ല.

**മറ്റ് നിബന്ധനകള്‍**

പകരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ചവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഹജ്ജ് അപേക്ഷകര്‍ നിര്‍ബന്ധമായും നിശ്ചിത വാക്‌സിനുകള്‍ എടുത്തിരിക്കണമെന്നും അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനും തിരക്കിനിടയില്‍ ഉണ്ടാകാനിടയുള്ള ആരോഗ്യ അടിയന്തര സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ഈ മുന്‍കരുതല്‍ നടപടികള്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/335458/those-with-serious-health-problems-cannot-perform-hajj-six-categories-banned)