---
title: "വർണങ്ങൾ മിന്നിമറയുന്ന ഷാർജ; ലൈറ്റ് ഫെസ്റ്റിവലിന് തുടക്കം"
english_title: "Sharjah Light Festival begins"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340075/sharjah-light-festival-begins"
published_at: "2026-02-04T13:02:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982f649949eb_light_festivel.jpg"
keywords: []
---

# വർണങ്ങൾ മിന്നിമറയുന്ന ഷാർജ; ലൈറ്റ് ഫെസ്റ്റിവലിന് തുടക്കം

> **Lead Summary:** **ഷാർജ: [ **വെളിച്ചവും സംഗീതവും ജലധാരയും ഒരുമിച്ച് ഡിജിറ്റലായി കഥ പറയുന്ന രീതിയിൽ ആരംഭിച്ച ഇത്തവണത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഒരുക്കുന്നതു വിസ്മയക്കാഴ്ചകളാണ്. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെൻറ് അതോറ്റി ഒരുക്കുന്ന ദീപോത്സവം ഈ മാസം 15 വരെ തുടരും.

## Article Content

**ഷാർജ: [ **വെളിച്ചവും സംഗീതവും ജലധാരയും ഒരുമിച്ച് ഡിജിറ്റലായി കഥ പറയുന്ന രീതിയിൽ ആരംഭിച്ച ഇത്തവണത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഒരുക്കുന്നതു വിസ്മയക്കാഴ്ചകളാണ്. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെൻറ് അതോറ്റി ഒരുക്കുന്ന ദീപോത്സവം ഈ മാസം 15 വരെ തുടരും.

യുഎഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ മുഖമുദ്രകളായ13 കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് 15ാം ലൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. സംഗീതത്തിന്റെ അകമ്പടിക്കൊപ്പം ലേസർ വർണങ്ങൾ മിന്നിമറയുന്ന പ്രത്യേക ഷോ 10 മിനിറ്റ് ഇടവിട്ടു നടക്കും. രാജ്യാന്തര കലാപ്രവർത്തകരും സാങ്കേതിക വിദഗ്ധരുമാണ് അവിസ്മരണീയ കാഴ്ചയൊരുക്കുന്നത്.

**ഉത്സവ കേന്ദ്രങ്ങൾ**

ഷാർജ മോസ്ക്, അൽ മജാസ് വാട്ടർഫ്രണ്ട്, ഹൗസ് ഓഫ് വിസ്ഡം, അൽ നൂർ മോസ്ക് ഖാലിദ് ലഗൂൺ, ഷാർജ ഫോർട്ട് (അൽ ഹിസ്ൻ), ഡോ. സുൽത്താൻ അൽ ഖാസിമി സെന്റർ, കൽബ വാട്ടർഫ്രണ്ട്, അൽ ഹംരിയ മാർക്കറ്റ്, ഖോർഫക്കാൻ വെള്ളച്ചാട്ടം, അൽ റഫിസ ഡാം, കൽബ ഹാങ്ങിങ് ഗാർഡൻസ്, യൂണിവേഴ്സിറ്റി സിറ്റി ഹാൾ, അൽ ദൈദ് ഫോർട്ട്.

** ലൈറ്റ് വില്ലേജ്**

യൂണിവേഴ്സിറ്റി സിറ്റി ഹാളിനു മുന്നിൽ സജ്ജമാക്കിയ ലൈറ്റ് വില്ലേജ് 22 വരെ പ്രവർത്തിക്കും. ഇവിടെ 50ലേറെ ഫൂഡ് ട്രക്കുകളും കുട്ടികൾക്കുള്ള വിനോദ പരിപാടികളുമുണ്ട്. ലൈറ്റ് വില്ലേജിലേക്കു പ്രവേശന ടിക്കറ്റ് എടുക്കണം. മുതിർന്നവർക്ക് 20 ദിർഹം, കുട്ടികൾക്ക് (3-11 വയസ്സ്)10 ദിർഹം. 3 വയസ്സിന് താഴെയുള്ളവർക്കും മുതിർന്ന പൗരർക്കും പ്രവേശനം സൗജന്യം.

**ഷോ സമയം**

പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 11 വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 12 വരെയും ദീപോത്സവം 10 മിനിറ്റ് ഇടവേളകളിൽ കാണാം. പ്രവേശനം സൗജന്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340075/sharjah-light-festival-begins)