---
title: "ബൈക്കിടിച്ച ഒട്ടകം പ്രവാസികളുടെ ദേഹത്തേക്ക് വീണു; കുവൈത്തിൽ ഒരാൾക്ക് ദാരുണാന്ത്യം"
english_title: "A camel that hit a bike fell on expatriates; one person died tragically in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340320/a-camel-that-hit-a-bike-fell-on-expatriates-one-person-died-tragically-in-kuwait-new"
published_at: "2026-02-05T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984638f44044_11.jpg"
keywords: []
---

# ബൈക്കിടിച്ച ഒട്ടകം പ്രവാസികളുടെ ദേഹത്തേക്ക് വീണു; കുവൈത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

> **Lead Summary:** **കുവൈത്ത്: **കുവൈത്തിലെ ഫലാഹ് റോഡിൽ സംഭവിച്ച അപകടത്തിൽ ഒരു പ്രവാസിക്ക് ദാരുണാന്ത്യം. മോട്ടോർ സൈക്കിൾ ഒട്ടകവുമായി കൂട്ടിയിടിക്കുകയും, ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഒട്ടകം സമീപത്തുണ്ടായിരുന്ന പ്രവാസികളുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെ 8:30 ഓടെയാണ് സംഭവം.

## Article Content

**കുവൈത്ത്: **കുവൈത്തിലെ ഫലാഹ് റോഡിൽ സംഭവിച്ച അപകടത്തിൽ ഒരു പ്രവാസിക്ക് ദാരുണാന്ത്യം. മോട്ടോർ സൈക്കിൾ ഒട്ടകവുമായി കൂട്ടിയിടിക്കുകയും, ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഒട്ടകം സമീപത്തുണ്ടായിരുന്ന പ്രവാസികളുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെ 8:30 ഓടെയാണ് സംഭവം.

റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മോട്ടോർ സൈക്കിൾ നിയന്ത്രണം വിട്ട് ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഒട്ടകം സമീപത്ത് നിന്നിരുന്ന മൂന്ന് പ്രവാസികളുടെ മുകളിലേക്കാണ് വീണത്.

ഭാരമേറിയ ഒട്ടകം ദേഹത്ത് പതിച്ചതിനെത്തുടർന്ന് ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ പ്രവാസിക്ക് ശരീരത്തിൽ ഒന്നിലധികം ഒടിവുകളും ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.

ഇദ്ദേഹം സബാഹ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൂട്ടത്തിലുണ്ടായിരുന്ന മൂന്നാമത്തെയാൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഖശാനിയ പൊലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ബംഗ്ലാദേശി പൗരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

മരുഭൂമി മേഖലകളിലൂടെയുള്ള യാത്രയിൽ ഒട്ടകങ്ങൾ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ട്രാഫിക് വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340320/a-camel-that-hit-a-bike-fell-on-expatriates-one-person-died-tragically-in-kuwait-new)