---
title: "യുഎഇയിൽ ശൈത്യമൊഴിയുന്നു, ഇനി 'സരയാത്ത്' എത്തും; അതീവ ജാഗ്രത മുന്നറിയിപ്പ്"
english_title: "Winter is ending in the UAE, 'Saryat' is coming; Extreme caution warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342472/winter-is-ending-in-the-uae-saryat-is-coming-extreme-caution-warning"
published_at: "2026-02-17T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699430dbdab12_Winter_is_ending_in_the_UAE,_Saryat_is_coming;_Extreme_caution_warning.jpg"
keywords: []
---

# യുഎഇയിൽ ശൈത്യമൊഴിയുന്നു, ഇനി 'സരയാത്ത്' എത്തും; അതീവ ജാഗ്രത മുന്നറിയിപ്പ്

> **Lead Summary:** അബുദാബി: വരും ദിവസങ്ങളിൽ രാജ്യത്തെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ യുഎഇ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന ശനിയാഴ്ച വരെ രാജ്യത്ത് താപനില ക്രമാനുഗതമായി വർധിക്കാൻ സാധ്യതയുണ്ടെന്നും എൻസിഎം മുന്നറിയിപ്പ് നൽകുന്നു.

## Article Content

അബുദാബി: വരും ദിവസങ്ങളിൽ രാജ്യത്തെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ യുഎഇ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന ശനിയാഴ്ച വരെ രാജ്യത്ത് താപനില ക്രമാനുഗതമായി വർധിക്കാൻ സാധ്യതയുണ്ടെന്നും എൻസിഎം മുന്നറിയിപ്പ് നൽകുന്നു.

പുലർച്ചെയും രാത്രികാലങ്ങളിലും അനുഭവപ്പെടുന്ന കടുത്ത മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചേക്കാം. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ഇന്ന് പുലർച്ചെ മുതൽ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ദൂരക്കാഴ്ച പരിധി കുറയ്ക്കുന്ന രീതിയിൽ കനത്ത മഞ്ഞ് അനുഭവപ്പെട്ടേക്കാം. വടക്കൻ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ മുൻകരുതൽ എടുക്കണം. ബുധനാഴ്ചയോടെ അന്തരീക്ഷം തെളിയുമെങ്കിലും തീരദേശങ്ങളിലും പടിഞ്ഞാറൻ ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് തുടരും. വ്യാഴം, വെള്ളി ദിവസങ്ങളിലും സമാനമായ രീതിയിൽ രാവിലെ മഞ്ഞും പകൽ സമയങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ നേരിയ തോതിൽ തിരമാലകൾ ഉയർന്നേക്കാം.

അറബ് മേഖലയിലെ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം മാർച്ച് 20-ഓടെ യുഎഇയിൽ ശൈത്യകാലത്തിന് ഔദ്യോഗികമായി വിടവാങ്ങലാകും. നിലവിൽ താപനില 18 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ വേനലിന്റെ വരവറിയിച്ചുകൊണ്ടുള്ള ചൂട് വരും ആഴ്ചകളിൽ പ്രകടമാകും. വടക്കൻ ഹിമാലയൻ കാറ്റുകളുടെ സ്വാധീനം കുറയുന്നതും സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരെ എത്തുന്നതുമാണ് താപനില ഉയരാൻ കാരണമാകുന്നത്. വരും മാസങ്ങളിൽ ‘സരയാത്ത്’ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342472/winter-is-ending-in-the-uae-saryat-is-coming-extreme-caution-warning)