---
title: "അൽ അഹ്സയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും"
english_title: "The body of a Malayali youth who died in Al Ahsa will be brought home tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342504/the-body-of-a-malayali-youth-who-died-in-al-ahsa-will-be-brought-home-tomorrow"
published_at: "2026-02-17T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69944f37599f5_The_body_of_a_Malayali_youth_who_died_in_Al_Ahsa_will_be_brought_home_tomorrow.jpg"
keywords: []
---

# അൽ അഹ്സയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

> **Lead Summary:** അൽ അഹ്സ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ അൽ അഹ്സയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. കൊല്ലം പുനലൂർ കമുകഞ്ചേരി സ്വദേശി രാജേഷ് കുമാർ ആണ് മരണപ്പെട്ടത്.

## Article Content

അൽ അഹ്സ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ അൽ അഹ്സയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. കൊല്ലം പുനലൂർ കമുകഞ്ചേരി സ്വദേശി രാജേഷ് കുമാർ ആണ് മരണപ്പെട്ടത്.

നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബുധനാഴ്ച ദമ്മാമിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. സാമൂഹിക പ്രവർത്തകരുടെയും ബന്ധപ്പെട്ട അധികൃതരുടെയും സഹായത്തോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.

ഈ മാസം അഞ്ചിനാണ് രാജേഷ് കുമാറിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അൽ അഹ്സയിലെ സിസ്‌കോ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം അവിവാഹിതനാണ്. പുതിയ വീട്ടിൽ സുകുമാരപിള്ളയുടെയും കുട്ടിയമ്മ പുഷ്പവതിയമ്മയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342504/the-body-of-a-malayali-youth-who-died-in-al-ahsa-will-be-brought-home-tomorrow)