---
title: "വ്രത പുണ്യനിറവിൽ: റമസാനിലേക്ക് പ്രാർഥനാപൂർവം ഗൾഫ്, ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ് പ്രാബല്യത്തിൽ"
english_title: "ramadan 2026 gulf  Two hour relaxation in working hours in effect"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342609/ramadan-2026-gulf-two-hour-relaxation-in-working-hours-in-effect"
published_at: "2026-02-18T11:28:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699555744e45c_ramadan.jpg"
keywords: []
---

# വ്രത പുണ്യനിറവിൽ: റമസാനിലേക്ക് പ്രാർഥനാപൂർവം ഗൾഫ്, ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ് പ്രാബല്യത്തിൽ

> **Lead Summary:** **അബുദാബി: [** ഗൾഫിന്റെ ആകാശത്ത് വ്രതപുണ്യത്തിന്റെ നിലാവുദിച്ചതോടെ പ്രാർഥനാപൂർവം നോമ്പിന്റെ നിറവിൽ വിശ്വാസികൾ. ആത്മ ചൈതന്യത്തിന്റെ പ്രഭ ചൊരിഞ്ഞത് സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ. റമസാൻ അമ്പിളിക്കല ദൃശ്യമാകാത്ത ഒമാൻ നിവാസികൾക്ക് കേരളത്തോടൊപ്പം നാളെ മുതലായിരിക്കും വ്രതാനുഷ്ഠാനം.

## Article Content

**അബുദാബി: [** ഗൾഫിന്റെ ആകാശത്ത് വ്രതപുണ്യത്തിന്റെ നിലാവുദിച്ചതോടെ പ്രാർഥനാപൂർവം നോമ്പിന്റെ നിറവിൽ വിശ്വാസികൾ. ആത്മ ചൈതന്യത്തിന്റെ പ്രഭ ചൊരിഞ്ഞത് സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ. റമസാൻ അമ്പിളിക്കല ദൃശ്യമാകാത്ത ഒമാൻ നിവാസികൾക്ക് കേരളത്തോടൊപ്പം നാളെ മുതലായിരിക്കും വ്രതാനുഷ്ഠാനം.

പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് നിഷിധ കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കലുമാണ് റമസാനിലെ വ്രതാനുഷ്ഠാനം. ദൈവത്തിനുവേണ്ടി പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിക്കുന്ന ഈ രഹസ്യ പ്രാർഥന സഹജീവികളോട് സ്നേഹവും കരുണയും നിറയ്ക്കും.

വിശുദ്ധ ഖുർആൻ അവതരിച്ച റമസാൻ മാസത്തെ പ്രാർഥനാപൂർവമാണ് ഗൾഫ് രാജ്യങ്ങളും വിശ്വാസികളും വരവേറ്റത്. ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ ഇന്നലെ രാത്രി തന്നെ റമസാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹ് നമസ്കാരത്തിനു തുടക്കം കുറിച്ചിരുന്നു. പതിവിൽനിന്നും വിപരീതമായി വൻ ജനാവലി നിശാ പ്രാർഥനകളിൽ പങ്കെടുത്തു. പുണ്യമാസത്തിന്റെ ആദ്യനിമിഷംമുതൽ അവസാനം വരെ പ്രാർഥനാ നിരതരാകുമെന്ന പ്രതിജ്ഞയെടുത്തവരും ഏറെ.

പകൽ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സിനെയും ശരീരത്തെയും നാഥനിലേക്കു സമർപ്പിക്കുന്ന വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികൾ ആത്മീയ ചൈതന്യം തേടുന്നു. ദാനധർമങ്ങൾക്കും കാരുണ്യപ്രവർത്തനങ്ങൾക്കും ഏറെ പ്രാധാന്യവും പ്രതിഫലവും ലഭിക്കുന്ന മാസമായതിനാൽ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഇഫ്താർ സംഗമങ്ങളും സന്നദ്ധ പ്രവർത്തനങ്ങളും സജീവമാകും.

റമസാൻ പ്രമാണിച്ച് ജോലി സമയത്തിൽ 2 മണിക്കൂർ ഇളവും പ്രാബല്യത്തിൽ വന്നു. ഇളവ് മുസ്ലിംങ്ങൾക്കും അല്ലാത്തവർക്കും ഒരുപോലെ ബാധകമാക്കിയിട്ടുണ്ട്.പ്രാർഥനയ്‌ക്കെത്തുന്ന വിശ്വാസികളുടെ തിരക്കു പരിഗണിച്ച് ഗതാഗത-സുരക്ഷാ ക്രമീകരണങ്ങളും പള്ളികളിൽ വിപുലമായ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിരുന്നു.

മക്ക, മദീന ഹറം പള്ളികളിലും ഇന്നലെ രാത്രിയിലെ നിശാ പ്രാർഥനയ്ക്ക് വൻ തിരക്ക് അനുഭവപ്പെട്ടു. നഗരം മുതൽ ഗ്രാമങ്ങളിലെ ചെറിയ മസ്ജിദുകളിൽ വരെ വിശ്വാസികളുടെ തിരക്ക്. ഉപവാസത്തിന്റെയും ഉപാസയുടെയും ദിനരാത്രങ്ങളിലേക്കു പ്രവേശിച്ച വിശ്വാസികൾക്ക് ജിസിസി ഭരണാധികാരികൾ റമസാൻ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342609/ramadan-2026-gulf-two-hour-relaxation-in-working-hours-in-effect)