---
title: "റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ടെർമിനലുകൾ മാറുന്നു; അന്താരാഷ്ട്ര സർവീസുകൾ പുനർക്രമീകരിച്ചു"
english_title: "Changes at Riyadh King Khalid Airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342801/changes-at-riyadh-king-khalid-airport"
published_at: "2026-02-19T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69968ecf67fcc_tru3.jpg"
keywords: []
---

# റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ടെർമിനലുകൾ മാറുന്നു; അന്താരാഷ്ട്ര സർവീസുകൾ പുനർക്രമീകരിച്ചു

> **Lead Summary:** **റിയാദ്: [[gcc.truevisionnews.com]] **കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത ഉയർത്തുന്നതിനുമായി വിപുലമായ ടെർമിനൽ പുനർക്രമീകരണ നടപടികൾക്ക് റിയാദ് എയർപോർട്ട്സ് കമ്പനി തുടക്കം കുറിച്ചു.

## Article Content

**റിയാദ്: [[gcc.truevisionnews.com]] **കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത ഉയർത്തുന്നതിനുമായി വിപുലമായ ടെർമിനൽ പുനർക്രമീകരണ നടപടികൾക്ക് റിയാദ് എയർപോർട്ട്സ് കമ്പനി തുടക്കം കുറിച്ചു.

ഇതിന്റെ ഒന്നാം ഘട്ടമായി ഫെബ്രുവരി 16 മുതൽ സൗദി എയർലൈൻസ്, റിയാദ് എയർ, ഫ്ലൈനാസ്, ഫ്ലൈഅദീൽ എന്നീ കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ ഒന്നും രണ്ടും ടെർമിനലുകളിലേക്ക് മാറ്റിയിട്ടുണ്ട്.

വരും ദിവസങ്ങളിലായി ആഭ്യന്തര സർവീസുകൾ ടെർമിനൽ നാലിലേക്കും, എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെയുള്ള വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ ടെർമിനൽ അഞ്ചിലേക്കും മാറ്റുന്ന നടപടികൾ പൂർത്തിയാക്കും.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വിമാനത്താവളത്തിൽ 650-ലധികം ഗൈഡുകളെ വിന്യസിക്കുകയും ആദ്യത്തെ ഒരു മണിക്കൂർ സൗജന്യ പാർക്കിങ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ടെർമിനലുകൾക്കിടയിലുള്ള യാത്രയ്ക്കായി ടാക്സികളിലും മെട്രോയിലും സൗജന്യ യാത്രയും നാല് മിനിറ്റ് ഇടവേളകളിൽ ഷട്ടിൽ ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ തങ്ങളുടെ യാത്രാവിവരങ്ങൾ വിമാനക്കമ്പനികൾ വഴിയോ വിമാനത്താവളത്തിന്റെ ഔദ്യോഗിക വാട്സ്ആപ്പ് സേവനം വഴിയോ മുൻകൂട്ടി ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342801/changes-at-riyadh-king-khalid-airport)