---
title: "ജിസാനിൽ അന്തരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു"
english_title: "The body of a Malayali youth who died in Jizan was brought home and cremated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343776/the-body-of-a-malayali-youth-who-died-in-jizan-was-brought-home-and-cremated"
published_at: "2026-02-23T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c40e043aa3_jisan_death.jpg"
keywords: []
---

# ജിസാനിൽ അന്തരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു

> **Lead Summary:** **ജിസാൻ: [ ** ബെയിഷ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു. പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ ബൈജു വിന്റെ മൃതദേഹമാണ്‌ സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്കയച്ചത്‌.

## Article Content

**ജിസാൻ: [ ** ബെയിഷ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു. പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ ബൈജു വിന്റെ മൃതദേഹമാണ്‌ സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്കയച്ചത്‌.

ജിസാനിൽനിന്ന് റിയാദ് വഴി കോഴിക്കോട്ടേക്ക് അയച്ച മൃതദേഹത്തെ ബൈജുവിന്റെ സഹോദരൻ ലൈജു, സഹോദരിയുടെ ഭർത്താവ് ദേവാനന്ദൻ എന്നിവർ അനുഗമിച്ചു. പൊന്നാനി ശാന്തിതീരം ശ്‌മശാനത്തിൽ സംസ്‌കരിച്ചു.

ബെയിഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എംബാം ചെയ്യാനായി കഴിഞ്ഞ ദിവസം അബു അരീഷ് കിങ്‌ ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം ജിസാൻ വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ‘ജല' ഭാരവാഹികളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ഡോ. ജോ വർഗീസ്, ഹനീഫ മൂന്നിയൂർ, അൽ അമീൻ എന്നിവരും ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യോപചാരമർപ്പിച്ചു.

ജിസാൻ ബെയിഷിൽ ഫോർ ഫോൾഡ് മെയിന്റനൻസ് ആൻഡ്‌ ഫിനിഷിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബൈജു. കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബെയിഷ് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഈ മാസം 12ന് മരിച്ചത്.

മൃതദേഹം നാട്ടിലയക്കാൻ ആവശ്യമായ സഹായങ്ങൾ ‘ജല' പ്രവർത്തകർ നൽകി. ബൈജുവിന്റെ സഹോദരിയുടെ ഭർത്താവ് ദേവാനന്ദനെ നിയമനടപടികൾക്കായി ബന്ധുക്കൾ മുക്ത്യാർ പത്രം മുഖേന ചുമതലപ്പെടുത്തിയിരുന്നു. ജിദ്ദ കോൺസലേറ്റ് സാമൂഹ്യക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിൽ നടപടി പൂർത്തിയാക്കി.

കഴിഞ്ഞ 15 വർഷമായി ബെയിഷിൽ ജോലിചെയ്‌തിരുന്ന ബൈജുവിന് കമ്പനിയുടെ നിയമപ്രശ്‌നങ്ങൾമൂലം മൂന്നു വർഷത്തോളമായി നാട്ടിൽ പോകാനായിരുന്നില്ല. ഇക്കാലയളവിൽ ഭാര്യയും മകനും സന്ദർശക വിസയിൽ ജിസാനിലെത്തി ഒരു വർഷത്തോളം താമസിച്ചിരുന്നു. അറുമുഖന്റെയും തങ്കയുടെയും മകനായിരുന്നു ബൈജു. രഞ്ജികയാണ് ഭാര്യ. മകൻ: അനഞ്ജയ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343776/the-body-of-a-malayali-youth-who-died-in-jizan-was-brought-home-and-cremated)