---
title: "റിയാദിൽ ഇനി 'സ്വർണക്കുറുനരി'യും; കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ അപൂർവ്വ സാന്നിധ്യം"
english_title: "'Golden fox' now in Riyadh; rare presence at King Abdulaziz Royal Reserve"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344327/golden-fox-now-in-riyadh-rare-presence-at-king-abdulaziz-royal-reserve"
published_at: "2026-02-26T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fe0794489b_Golden_fox_now_in_Riyadh;_rare_presence_at_King_Abdulaziz_Royal_Reserve.jpg"
keywords: []
---

# റിയാദിൽ ഇനി 'സ്വർണക്കുറുനരി'യും; കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ അപൂർവ്വ സാന്നിധ്യം

> **Lead Summary:** **റിയാദ്: [** സൗദി അറേബ്യയുടെ മധ്യമേഖലയിലുള്ള കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ ആദ്യമായി സ്വർണക്കുറുനരിയെ കണ്ടെത്തി. റിസർവിനുള്ളിലെ തൻഹ ഒയാസിസിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിലാണ് രണ്ട് സ്വർണക്കുറുനരികളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. മുൻപ് രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളിലും വടക്കുപടിഞ്ഞാറൻ മേഖലകളിലും മാത്രം കണ്ടുവന്നിരുന്ന ഇവയെ ആദ്യമായാണ് റിയാദിൽ കണ്ടെത്തുന്നത്.

## Article Content

**റിയാദ്: [** സൗദി അറേബ്യയുടെ മധ്യമേഖലയിലുള്ള കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ ആദ്യമായി സ്വർണക്കുറുനരിയെ കണ്ടെത്തി. റിസർവിനുള്ളിലെ തൻഹ ഒയാസിസിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിലാണ് രണ്ട് സ്വർണക്കുറുനരികളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. മുൻപ് രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളിലും വടക്കുപടിഞ്ഞാറൻ മേഖലകളിലും മാത്രം കണ്ടുവന്നിരുന്ന ഇവയെ ആദ്യമായാണ് റിയാദിൽ കണ്ടെത്തുന്നത്.

വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും അതോറിറ്റി നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിജയമാണിതെന്ന് ഔദ്യോഗിക വക്താവ് അബ്ദുൽ അസീസ് അൽ ഫുറൈഹ് വ്യക്തമാക്കി. അപൂർവ്വ ജീവിവർഗങ്ങൾ റിയാദിലെ റിസർവുകളിൽ എത്തിച്ചേരുന്നത് മേഖലയിലെ ജൈവവൈവിധ്യം മെച്ചപ്പെടുന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025ൽ നിർമാണം പൂർത്തിയാക്കിയ തൻഹ കൃത്രിമ ഒയാസിസ് വന്യജീവികളെ ആകർഷിക്കുന്നതിൽ വലിയ പങ്കുവഹിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി. ശുദ്ധജല തടാകവും സിദർ, അക്കേഷ്യ തുടങ്ങിയ തദ്ദേശീയ മരങ്ങളും നിറഞ്ഞ ഈ പ്രദേശം വന്യമൃഗങ്ങൾക്കും പക്ഷികൾക്കും അനുയോജ്യമായ വാസസ്ഥലമായി മാറിയിരിക്കുകയാണ്. നൂറിലധികം നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് നടത്തുന്ന ശാസ്ത്രീയ പഠനങ്ങൾ വന്യജീവികളുടെ പെരുമാറ്റത്തെയും വിതരണത്തെയും കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344327/golden-fox-now-in-riyadh-rare-presence-at-king-abdulaziz-royal-reserve)