---
title: "യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു"
english_title: "UAE, Qatar, and Kuwait close airspace; some airlines suspend services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344813/uae-qatar-and-kuwait-close-airspace-some-airlines-suspend-services-new-"
published_at: "2026-02-28T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2beada94a5_uae.jpg"
keywords: []
---

# യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

> **Lead Summary:** **ദുബായ്: ** ഇറാൻ-ഇസ്രായേൽ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചു. യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.

## Article Content

**ദുബായ്: ** ഇറാൻ-ഇസ്രായേൽ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചു. യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.

സിവിൽ ഏവിയേഷൻ അതോറിറ്റികളുടെ നിർദ്ദേശപ്രകാരം വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. മേഖലയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് വ്യോമപാതകൾ അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

നേരത്തേ ഇറാനും ഇറാഖും ഇസ്രയേലും വ്യോമപാതകൾ അടച്ചിരുന്നു. ഇതോടെ ഈ മേഖലയിലൂടെയുള്ള നിരവധി വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. തൊട്ടുപിന്നാലെയാണ് യുഎഇയും ഖത്തറും വ്യോമപാത അടയ്ക്കുന്നതായി അറിയിച്ചത്. ഖത്തർ എയർവേസ്, ടർക്കിഷ് എയർലൈനുകൾ സർവീസുകൾ നിർത്തിവച്ചു. വിമാനസർവീസുകളുടെ തൽസ്ഥിതികളറിയാൻ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും നിർദേശമുണ്ട്.

യുഎസും ഇസ്രയേലും സംയുക്തമായി ഇറാന് നേരേ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ആരംഭിച്ചത്. ബഹ്‌റൈനിലും കുവൈത്തിലും സ്‌ഫോടനശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. ഖത്തറിലും ബഹ്‌റൈനിലും യുഎസ് എംബസി അമേരിക്കക്കാർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344813/uae-qatar-and-kuwait-close-airspace-some-airlines-suspend-services-new-)