---
title: "യു.എ.ഇയിൽ അതീവ ജാഗ്രത; പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു; ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശം"
english_title: "All major tourist attractions closed; people advised to stay in safe places"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345153/all-major-tourist-attractions-closed-people-advised-to-stay-in-safe-places"
published_at: "2026-03-02T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a557e396bb9_All_major_tourist_attractions_closed;_people_advised_to_stay_in_safe_places.jpg"
keywords: []
---

# യു.എ.ഇയിൽ അതീവ ജാഗ്രത; പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു; ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശം

> **Lead Summary:** അബുദാബി : മേഖലയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് യു.എ.ഇയിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യു.എ.ഇ.യിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം താത്കാലികമായി അടച്ചു. ലോകപ്രശസ്തമായ ദുബായിലെ ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്കും ഇത് ബാധകമാണ്. സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ പഠനം ഏർപ്പെടുത്തി.

## Article Content

അബുദാബി : മേഖലയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് യു.എ.ഇയിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യു.എ.ഇ.യിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം താത്കാലികമായി അടച്ചു. ലോകപ്രശസ്തമായ ദുബായിലെ ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്കും ഇത് ബാധകമാണ്. സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ പഠനം ഏർപ്പെടുത്തി.

നിലവിൽ യു.എ.ഇ.യിൽ ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഗ്ലൈഡറുകൾക്കും ആളില്ല വിമാനങ്ങൾക്കും ഒരാഴ്ച നിരോധം ഏർപ്പെടുത്തി. ഇറാന്റെ മിസൈൽ ആക്രമണത്തെ യു.എ.ഇ. ശക്തമായാണ് പ്രതിരോധിക്കുന്നത്. എമിറേറ്റിൽ ഉടനീളം കേൾക്കുന്ന ശബ്ദം മിസൈലുകൾ തടയുന്നതിന്റേതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണം തുടരുന്നതിനിടയിലും സേവനങ്ങൾ പുനഃക്രമീകരിക്കാൻ വിമാനത്താവളങ്ങളും വിമാനക്കന്പനികളും തമ്മിലുള്ള ഏകോപനം തുടരുന്നുവെന്നാണ് വിവരം. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും വഹിക്കുമെന്ന് യു.എ.ഇ.യുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.) അറിയിച്ചിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിക്കിടന്ന 20,000-ത്തിലേറെ പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവശ്യവസ്തുക്കളെത്തിക്കുകയും ചെയ്തിരുന്നതായും അധികൃതർ വ്യക്തമാക്കി.

തങ്ങളുടെ പ്രദേശം സംരക്ഷിക്കാൻ ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുമെന്നും യു.എ.ഇ.അറിയിച്ചു. അതേസമയം ഷാർജ അൽ നഹ്ദയിലെ സ്ഫോടനം ഷോർട് സർക്കിറ്റ്‌ മൂലമെന്ന് ഷാർജ പോലീസ് അറിയിച്ചു. വൈദ്യുത ഉത്പന്നങ്ങൾ സൂക്ഷിച്ച വെയർഹൗസിലാണ് അപകടം. തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345153/all-major-tourist-attractions-closed-people-advised-to-stay-in-safe-places)