---
title: "ആക്രമണശ്രമം തകർത്ത് യുഎഇ; ജാഗ്രതയുടെ ഭാഗമായി ബഹ്റൈനിൽ തറാവീഹ് 25 മിനിറ്റാക്കി"
english_title: "UAE foils attack attempt; Taraweeh prayer in Bahrain reduced to 25 minutes as a precaution"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345186/uae-foils-attack-attempt-taraweeh-prayer-in-bahrain-reduced-to-25-minutes-as-a-precaution"
published_at: "2026-03-02T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a57164646a2_8.jpg"
keywords: []
---

# ആക്രമണശ്രമം തകർത്ത് യുഎഇ; ജാഗ്രതയുടെ ഭാഗമായി ബഹ്റൈനിൽ തറാവീഹ് 25 മിനിറ്റാക്കി

> **Lead Summary:** **അബുദാബി: **യുഎഇ ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണ ശ്രമം പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ആക്രമണത്തിനിടെ തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് അബുദാബിയിലെ ഒരു ഗോഡൗണിനും വ്യാപാര കേന്ദ്രത്തിനും നിസാര നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

## Article Content

**അബുദാബി: **യുഎഇ ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണ ശ്രമം പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ആക്രമണത്തിനിടെ തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് അബുദാബിയിലെ ഒരു ഗോഡൗണിനും വ്യാപാര കേന്ദ്രത്തിനും നിസാര നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. റാസൽ ഖൈമയിലെ അൽ ഹംറ വില്ലേജിന് സമീപവും ഡ്രോൺ തകർന്നു വീണതായി റിപ്പോർട്ടുകളുണ്ട്.

മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബഹറൈനിലെ പള്ളികളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുന്നി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവ് പ്രകാരം തറാവീഹ് നമസ്കാരം 25 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം.

ഇശാ നമസ്കാരം ബാങ്ക് വിളിച്ച് 10 മിനിറ്റിനുള്ളിൽ ആരംഭിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിലെ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും യുഎഇ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345186/uae-foils-attack-attempt-taraweeh-prayer-in-bahrain-reduced-to-25-minutes-as-a-precaution)