---
title: "കണ്ണീരിൽ മുങ്ങി പ്രവാസലോകം: യുഎഇക്ക് നേരെയുള്ള ആക്രമണത്തിൽ മൂന്ന് ജീവനുകൾ പൊലിഞ്ഞു; നിരവധി പേർക്ക് പരിക്ക്"
english_title: "Three lives lost in attack on UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345191/three-lives-lost-in-attack-on-uae"
published_at: "2026-03-02T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a574db53f9b_24.jpg"
keywords: []
---

# കണ്ണീരിൽ മുങ്ങി പ്രവാസലോകം: യുഎഇക്ക് നേരെയുള്ള ആക്രമണത്തിൽ മൂന്ന് ജീവനുകൾ പൊലിഞ്ഞു; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **അബുദാബി: [** മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളായി യുഎഇക്ക് നേരെ ഇറാൻ്റെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു.

## Article Content

**അബുദാബി: [** മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളായി യുഎഇക്ക് നേരെ ഇറാൻ്റെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു.

ശനിയാഴ്ച മുതൽ ഇതുവരെ 165 ബാലിസ്റ്റിക് മിസൈലുകളും 541 ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. യുഎഇയുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗം ആക്രമണങ്ങളെയും വിജയകരമായി തടഞ്ഞെങ്കിലും, ജനവാസ കേന്ദ്രങ്ങളിലുണ്ടായ ആഘാതത്തിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കൊല്ലപ്പെട്ടവരിൽ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് ഉൾപ്പെടുന്നത്. പരിക്കേറ്റവരിൽ ഇന്ത്യക്കാർക്ക് പുറമെ ഈജിപ്ത്, ഫിലിപ്പീൻസ് തുടങ്ങി വിവിധ രാജ്യക്കാരുമുണ്ട്. ആകെ വിക്ഷേപിച്ച മിസൈലുകളിൽ 152 എണ്ണവും തകർക്കാൻ പ്രതിരോധ സേനയ്ക്ക് സാധിച്ചു.

ഡ്രോണുകളിൽ 506 എണ്ണം തകർത്തപ്പോൾ 35 എണ്ണം ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചു. ആക്രമണത്തിൻ്റെ രണ്ടാം ദിവസവും പ്രതിരോധം ശക്തമായി തുടർന്നു; മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ചുതന്നെ തകർക്കാനായെങ്കിലും അവയുടെ അവശിഷ്ടങ്ങൾ വീണും ജനവാസ കേന്ദ്രങ്ങളിൽ നേരിട്ട് ഡ്രോണുകൾ പതിച്ചും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുഎഇക്ക് പുറമെ അയൽരാജ്യങ്ങളിലും സംഘർഷത്തിൻ്റെ പ്രതിഫലനങ്ങളുണ്ടായി. സൗദി അറേബ്യയിലെ റാസ് തനൂറയിലുള്ള അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണം പരാജയപ്പെടുത്തിയെങ്കിലും മുൻകരുതൽ എന്ന നിലയിൽ റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

ഇതിനിടെ, കുവൈത്തിൽ യുഎസ് സൈനിക വിമാനങ്ങൾ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്. വിമാനങ്ങളിലെ ക്രൂ അംഗങ്ങൾ പരിക്കുകളോടെ സുരക്ഷിതരായി രക്ഷപ്പെട്ടു.രാജ്യം അതീവ ജാഗ്രതയിലാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സേന സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം മുഖവിലയ്ക്കെടുക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാർത്തകൾക്കെതിരെ കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345191/three-lives-lost-in-attack-on-uae)