---
title: "മുവൈല ഫാമിലി പാർക്ക് മാർച്ച് 12-ന് തുറക്കും; നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി; അറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി"
english_title: "Muwailah Family Park to open on March 12"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345758/muwailah-family-park-to-open-on-march-12"
published_at: "2026-03-05T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a93d16b031d_Muwailah_Family_Park_to_open_on_March_12.jpg"
keywords: []
---

# മുവൈല ഫാമിലി പാർക്ക് മാർച്ച് 12-ന് തുറക്കും; നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി; അറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി

> **Lead Summary:** ഷാർജ: നവീകരണ പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി അടച്ചിട്ടിരുന്ന മുവൈലയിലെ ഫാമിലി പാർക്ക് മാർച്ച് 12 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. ചൊവ്വാഴ്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മുനിസിപ്പാലിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

ഷാർജ: നവീകരണ പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി അടച്ചിട്ടിരുന്ന മുവൈലയിലെ ഫാമിലി പാർക്ക് മാർച്ച് 12 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. ചൊവ്വാഴ്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മുനിസിപ്പാലിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

പാർക്കിലെ ഹരിത ഇടങ്ങളുടെ നവീകരണത്തിനും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി ഫെബ്രുവരി 24 മുതലാണ് പാർക്ക് താൽക്കാലികമായി അടച്ചത്. ഈ പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കിയാണ് പാർക്ക് വീണ്ടും സന്ദർശകർക്കായി ഒരുങ്ങുന്നത്. എമിറേറ്റിലെ പൊതുയിടങ്ങൾ വർധിപ്പിക്കാനും നിലവിലുള്ളവ കൂടുതൽ മനോഹരമാക്കാനുമുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ നവീകരണം. കുടുംബങ്ങൾക്കും കുട്ടികൾക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പാർക്കിനെ മാറ്റിയെടുക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം.

നഗരത്തിലുടനീളമുള്ള ഹരിതയിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ​മെച്ചപ്പെടുത്താനും പഴയ സ്ഥലങ്ങൾ ആധുനികവത്​കരിക്കാനും ലക്ഷ്യമിട്ട്​ നിരവധി പദ്ധതികൾ യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി ​പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക്​ കീഴിൽ പഴയ ജില്ലകൾ പുതുക്കിപ്പണിയുന്ന പ്രവർത്തനങ്ങൾക്ക്​ ഷാർജ മുനിസിപ്പാലിറ്റിയാണ്​​ മേൽനോട്ടം വഹിക്കുന്നത്​. നിലവിൽ അൽ ഖാദിസിയയിൽ പണികൾ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345758/muwailah-family-park-to-open-on-march-12)